തമിഴ്നാട്ടിൽ മഴക്കെടുതി; 16 പേർ മരിച്ചു, അടിയന്തര സഹായം ആവശ്യപ്പെട്ട് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലെ കെടുതികൾ തുടരുന്നു. പലയിടത്തും മഴ നിർത്തായെ പെയ്യുന്നുണ്ട്. ചെന്നൈ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. വരും ദിവസങ്ങളിലും പല ജില്ലകളിലും മഴ തുടരുമെന്നു മുന്നറിയിപ്പുണ്ട്. വിവിധ സംഭവങ്ങളിലായി സംസ്ഥാനത്ത് 16 പേർ മരിച്ചതായി അനൗദ്യോഗിക കണക്കുകൾ പറയുന്നു.

അതിനിടെ മഴക്കെടുതിയെ തുടർന്നു സംസ്ഥാനത്തിനു അടിയന്തര ധന സഹായം നൽകണമെന്നു മുഖ്യമന്ത്രി സ്റ്റാലിൻ കേന്ദ്രത്തോടു ആവശ്യപ്പെട്ടു. 2000 കോടി രൂപ അടിയന്തര സഹായമായി അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

പെരുമഴയിൽ ദേശീയ പാതകളിലെ പലയിടത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പല ട്രെയിനുകളും വഴി തിരിച്ചു വിട്ടു. ചില സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. പലയിടത്തും വൈദ്യുതി തടസപ്പെട്ടതും ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറിയതും ജനജീവിതം ദുരിതത്തിലായി.

കനത്ത മഴയെ തുടർന്നു തിരുവണ്ണാമലൈ ഉണ്ടായ  ഉരുൾപ്പൊട്ടലിൽ കാണാതായ ഏഴ് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തിൽ അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളിൽ മണ്ണിനടിയിലായത്. കനത്ത മഴയ്ക്ക് പിന്നാലെ ഇന്നലെ വൈകീട്ടാണ് ഉരുൾപ്പൊട്ടലുണ്ടായത്. പാറക്കഷ്ണങ്ങളും മണ്ണും വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!