കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് പരിഗണിക്കുക. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ഹർജിയില്‍ പരാമര്‍ശമുണ്ട്.

കണ്ണൂര്‍ കളക്ടറേറ്റില്‍ ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ആരൊക്കെ സന്ദര്‍ശിച്ചെന്നു കണ്ടെത്തണമെന്നും ഹർജി ആവശ്യപ്പെടുന്നു. ഇത് നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച്‌ വ്യക്തമായ ചിത്രം ലഭിക്കാന്‍ സഹായിക്കും. നവീനെ കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

കളക്ടറേറ്റിലെയും റെയില്‍വേ സ്‌റ്റേഷനിലെയും നവീന്‍ താമസിച്ച ക്വാര്‍ട്ടേഴ്‌സിലെയും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളൊന്നും ഇതുവരെ പിടിച്ചെടുത്തിട്ടില്ല. ഇത്തരം നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താതെ കേസിലെ ഏക പ്രതിയായ പി പി ദിവ്യയെ കൃത്രിമ തെളിവ് സൃഷ്ടിക്കാന്‍ സഹായിക്കുകയാണ്.

നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ വേഗത്തില്‍ നടത്തിയതും സംശയങ്ങള്‍ ബലപ്പെടാന്‍ കാരണമാകുന്നു. ഇന്‍ക്വസ്റ്റ് നടപടികളില്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യം അന്വേഷണ സംഘം ഉറപ്പാക്കേണ്ടതാണ്. എന്നാല്‍ ബന്ധുക്കള്‍ എത്തും മുന്‍പാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും ഹർജിയില്‍ പരാമര്‍ശിക്കുന്നു. നവീന്റെ മരണത്തില്‍ പി പി ദിവ്യയുടെ പങ്കിനെക്കുറിച്ച്‌ പ്രത്യേക അന്വേഷണ സംഘം സമഗ്രമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഹർജി ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!