വഖഫ് വിഷയത്തില്‍ സിപിഎം നയത്തിനു വിരുദ്ധ നിലപാടുമായി ഇടതു സഹയാത്രികൻ റെജി ലൂക്കോസ്. വഖഫ് നിയമം കിരാതവും അപരിഷ്കൃതവുമാ ണെന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ, ഹിന്ദു, മുസ്‌ലിം വിഭാഗക്കാരുടെ സ്വത്തുക്കളെല്ലാം നിയമത്തിന്‍റെ ഭീഷണി നിഴലിലാണെന്നും രാജ്യത്ത് വഖഫ് നിയമം അടിപ്പേല്‍പ്പിച്ച കോണ്‍ഗ്രസ് മാത്രമാണ് ഇതില്‍ യഥാർഥ കുറ്റവാളികളെന്നും റെജി ലൂക്കോസ് ആരോപിക്കുന്നു. കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും നിങ്ങളുടെ സമ്പത്ത് വഖഫ് ബോർഡിനു നല്‍കുന്നതിനുള്ള സമ്മതപത്രമായിരി ക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു.
പലപ്പോഴും ചാനൽ ചർച്ചകളിൽ സിപിഎമ്മിന് വേണ്ടി ന്യായീകരണങ്ങൾ നിരത്തി അന്തംകമ്മി എന്നും, ന്യായീകരണ തൊഴിലാളി എന്നും വിശേഷണം നേടിയിട്ടുള്ള വ്യക്തിയാണ് റെജി ലൂക്കോസ്. ഇത്തരം ഒരാൾ പാർട്ടി ലൈനിന് വിരുദ്ധമായ ഒരു നിലപാട് കൈ കൊണ്ടിരിക്കുന്നത് വഖഫ് വിഷയത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു. എന്നാൽ പാർട്ടി ലൈനിന് വിരുദ്ധമായി നിലപാട് എടുക്കുമ്പോഴും എല്ലാ കുറ്റവും കോൺഗ്രസിന്റെ മേൽ കെട്ടി വെക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമങ്ങൾ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടിൽ വ്യത്യാസം ഒന്നും വന്നിട്ടില്ല എന്നും ഉറപ്പാക്കുന്നുണ്ട്.
മോദി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെ പാർലമെന്റിലും നിയമസഭയിലും സിപിഎം ശക്തമായി എതിർത്തിരുന്നു. ബില്‍ പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 15ന് നിയമസഭയില്‍ മന്ത്രി വി. അബ്ദുറഹ്മാൻ അവതരിപ്പിച്ച പ്രമേയം ഐകണ്‌ഠ്യേനയാണ് പാസാക്കിയത്. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍, വിശ്വാസ സ്വാതന്ത്ര്യം, ഫെഡറലിസം, മതനിരപേക്ഷത, ജനാധിപത്യം, പൗരാവകാശം എന്നിവയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സാധ്യമല്ലെന്നും ഭേദഗതി നിയമത്തിലെ നിരവധി വ്യവസ്ഥകള്‍ സ്വീകാര്യമല്ലാത്തതിനാല്‍ ബില്‍ അംഗീകരിക്കാനാകില്ലെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഈ നിലപാടിനു നേർവിരുദ്ധമായ ആരോപണങ്ങളാണ് റെജി ലൂക്കോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ചിരിക്കുന്നത്. രാവിലെ എണീറ്റു നോക്കിയാല്‍ ഒരുപക്ഷേ നിങ്ങളുടെ വീടിനു മുന്നിലും വഖഫ് സ്വത്ത് എന്ന പേരിലുള്ള ബോർഡ് വന്നേക്കാമെന്ന തരത്തിലുള്ള സൂചനകളും പോസ്റ്റിലുണ്ട്. കോണ്‍ഗ്രസ് സർക്കാരുകള്‍ കൊണ്ടുവന്ന വഖഫ് നിയമങ്ങളാണ് ഇതിനു കാരണമെന്നും റെജി ആരോപിക്കുന്നു. ഇത് അപരിഷ്‌കൃതവും മനുഷ്യാവകാശം ലംഘിക്കുന്നതുമായ കാടൻ നിയമങ്ങളാണെന്നും ആരോപണമുണ്ട്. പോസ്റ്റില്‍ ഡിവൈഎഫ്‌ഐ ഇരവിപേരൂർ ബ്ലോക്ക് കമ്മിറ്റിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ടാഗ് ചെയ്തിട്ടുമുണ്ട്.