മാവേലിക്കര : തുർക്കി ആസ്ഥാനമായ കപ്പൽ കമ്പനിയുടെ കപ്പലുകളിൽ ഡെക്ക് കേഡറ്റായി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി വിദേശത്തേക്ക് കടന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കാസർകോഡ് പെർള ജീലാനി മൻസിൽ അഹമ്മദ് അസ്ബക് (28) നെയാണ് മംഗലാപുരം എയർപോർട്ടിൽ നിന്ന് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം, പാവുമ്പ സ്വദേശിയായ യുവാവിനെയാണ് പ്രതി കബളിപ്പിച്ച് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ പ്രതി ദുബായിലേക്ക് കടന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
തൃശൂർ വലപ്പാട്, പാലക്കാട് കോങ്ങാട് എറണാകുളം കല്ലൂർക്കാട്, മലപ്പുറത്തെ താനൂർ, പൊന്നാനി, ആലപ്പുഴയിലെ പുളിങ്കുന്ന്, കൊല്ലം ജില്ലയിൽ കുണ്ടറ, കോട്ടയം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂട്ടുപ്രതികൾക്കായി കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.