ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല… വിവരം പുറത്ത് അറിയിച്ചതുമില്ല…മൂന്ന് പേർ പിടിയിൽ

കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ മരണത്തില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍. ചെടിക്കുളം സ്വദേശി തടത്തില്‍ ജോബിന്റെ(33) മരണത്തിലാണ് സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്തത്. ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കാത്തതിനും അപകടവിവരം മറച്ചുവെച്ചതിനുമാണ് സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്തത്. ഇരിട്ടി സ്വദേശികളായ സക്കറിയ, പി കെ സാജിര്‍, എ കെ സജീര്‍ എന്നിവരാണ് അറസ്റ്റിലായത്.

സെപ്റ്റംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ജോബിനെ കാണാതാകുകയായിരുന്നു. രാത്രി വൈകിയും വീട്ടിലെത്താതിരുന്നതോടെ ബന്ധുക്കൾ തിരക്കി ഇറങ്ങി.തുടര്‍ന്ന് വട്ട്യറ പുഴക്കരയില്‍ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ടാം ദിവസമാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവസമയം ജോബിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.

എന്നാൽ ജോബിന്റെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ വീണ്ടും പൊലീസിനെ സമീപിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.അപകടത്തിന് മുമ്പ് ജോബിന്‍ ഒരു ബന്ധുവിനോട് താനും സുഹൃത്തുക്കളും പുഴക്കടവിലാണെന്ന് അറിയിച്ചിരുന്നു. ഒപ്പമുള്ളവരുടെ പേരും പറഞ്ഞു. ഇതാണ് നിര്‍ണായകമായത്. സുഹൃത്തുക്കളെ വീണ്ടും വിളിച്ച് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കുളിക്കുന്നതിനിടെ ജോബിനും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളലുമുണ്ടായെന്നും തുടര്‍ന്ന് ജോബിന്‍ വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട ജോബിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചില്ല. മാത്രമല്ല, നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ സുഹൃത്തുക്കള്‍ രക്ഷപ്പെടുകയുമായിരുന്നു. സംഭവ ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!