കോട്ടയം :ചുങ്കം തേക്കിന്‍ പാലത്തിനു സമീപത്തു നിന്നും ആറ്റില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഒരാള്‍ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ഇയാളെ വെള്ളത്തിലേയ്ക്കു ചാടുന്നതില്‍ നിന്നും വിലക്കിയിരുന്നു വെന്നും അതു കൂട്ടാക്കാതെ ഇയാള്‍ ചാടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
നാട്ടുകാര്‍ ഉടന്‍ തന്നെ പോലീസിനെയും അഗ്‌നിശമന സേനയെയും വിവരം അറിയിച്ചു. സേനയെത്തി ആറ്റില്‍ ചുങ്കം പാലം വരെയുള്ള പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തി. ഒന്നര മണിക്കൂറിനു ശേഷം 5 മണിയോടെ മൃതദേഹം താഴത്തങ്ങാടി ആലുംമൂട് ഭാഗത്തു നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. മേല്‍ മീശയും ഉയര്‍ന്ന നെറ്റിയും, ചെറിയ കള്ളികളുള്ള ഷര്‍ട്ടും പാന്റും ഷൂസും ധരിച്ചിട്ടുള്ള ആളിനെ തിരിച്ചറിഞ്ഞിട്ടില്ല.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഷാബു ജോര്‍ജ് ന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. ടി.സലി സീനിയര്‍ ഫയര്‍ ആന്‍ഡ് ഓഫീസര്‍ പ്രവീണ്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷിബു മുരളി,അജയകുമാര്‍, നിജില്‍ കുമാര്‍, അനീഷ് ജി നായര്‍, സനല്‍ സാം എന്നിവര്‍ രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.