തിരുവനന്തപുരം: ഷിരൂരില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നതിനിടെ, ഒരുഭാഗത്ത് പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ തുടരുകയാണ്. അതില്‍ ചിലത് ഇന്ത്യന്‍ സൈനികരെ ലക്ഷ്യമിട്ടുള്ളത്. ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത തരത്തിലാണ് ചില പോസ്റ്റുകള്‍.
ഷിരൂരിലെ രക്ഷാദൗത്യത്തിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാക്കാതെയുള്ള ഒരു പോസ്റ്റ് രജനി അനില്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നുള്ളതാണ്. ഇന്ത്യയുടെ സമ്പത്തിന്റെ മുക്കാലും തിന്ന് മുടിപ്പിക്കുന്ന കൂലി പട്ടാളമാണ് ഇന്ത്യന്‍ സൈന്യം എന്നാണ് പോസ്റ്റില്‍ വന്ന പരാമര്‍ശം. സംഭവത്തില്‍ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്സ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
ഇന്ത്യന്‍ സൈനികരുടെ വിശ്വാസ്യത പൊതുസമൂഹത്തിന് മുന്നില്‍ തകര്‍ക്കുന്ന രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് പോസ്‌റ്റെന്നും സൈബര്‍ കുറ്റകൃത്യത്തിന് അപ്പുറത്തേക്ക് ഇന്ത്യന്‍ സൈനികരെ അപമാനിക്കുന്ന ഇത്തരം പ്രവണതകളെ വളരെ ഗൗരവമായി എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രിക്കുള്ള പരാതിയില്‍ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്സ് പറഞ്ഞു.
കര്‍ശനവും മാതൃകാപരവുമായ നടപടി ഈ പോസ്റ്റിന് എതിരെ സ്വീകരിക്കണമെന്നാണ് കൂട്ടായ്മ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടത്. പരാതി പരിഗണിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് തുടര്‍നടപടിക്കായി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.