ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോയുമയി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് ഐടി സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ. കോൺഗ്രസ് നേതാക്കളായ അസ്മ , ഗീത, എന്നിവരും സോഷ്യൽ മീഡിയ സെല്ലിലെ നവീൻ , ശിവ, മന്ന എന്നിവരാണ് അറസ്റ്റിലായത്. ഹൈദരാബാദിൽ നിന്നാണ് ഡൽഹി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
അമിത് ഷായുടെ എഡിറ്റ് ചെയ്ത വ്യാജ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം ഡൽഹി പോലീസ് കേസെടുത്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയെ തുടർന്നാണ് കേസ് എടുത്തത്. ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാൽ ഒബിസി, എസ്സി / എസ്ടി സംവരണം നിർത്തലാക്കുമെന്നായിരുന്നു എഡിറ്റ് ചെയ്ത വീഡിയോ. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടിയുള്ള സംവരണം റദ്ദാക്കി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രസ്താവന എഡിറ്റ് ചെയ്താണ് നിലവിൽ പ്രചരിക്കുന്ന വീഡിയോകൾ ഉണ്ടാക്കിയത്.
എന്നാൽ യഥാർത്ഥ വീഡിയോ അമിത് ഷാ പുറത്ത് വിട്ടിരുന്നു. ഗുവാഹത്തിയിലെ വാർത്താസമ്മേളനത്തിലാണ് വീഡിയോ അദ്ദേഹം പുറത്തുവിട്ടത്. പരാജയ ഭീതിയിലായ കോൺഗ്രസ് വ്യാജവീഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധിയുടെ അറിവോടെയാണിതെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.