ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ബിജെപി സീറ്റ് നിഷേധിച്ചു. കൈസര്‍ഗഞ്ചില്‍ ബ്രിജ് ഭൂഷണ് പകരം മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.
ബ്രിജ് ഭൂഷണ്‍ സിങിന്റെ ഇളയ മകനായ കരണ്‍ ഭൂഷണ്‍ സിങ് നിലവില്‍ ഉത്തര്‍പ്രദേശ് റസ്‌ലിങ് അസോസിയേഷന്‍ പ്രസിഡന്റാണ്. നവാബ്ഗഞ്ചിവെ കോ-ഓപ്പറേറ്റീവ് വില്ലേജ് ഡെവലപ്പ്‌മെന്റ് ബാങ്ക് പ്രസിഡന്റായും കരണ്‍ ഭൂഷണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ തവണ കൈസര്‍ഗഞ്ചില്‍ ബ്രിജ് ഭൂഷണ്‍ സിങ് രണ്ടു ലക്ഷം വോട്ടിനാണ് വിജയിച്ചത്.
യുപിയിലെ റായ്ബറേലി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെയും ബിജെപി പ്രഖ്യാപിച്ചു. ദിനേശ് പ്രതാപ് സിങ് ആണ് റായ്ബറേലിയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി തുടര്‍ച്ചയായി മത്സരിച്ചിരുന്ന മണ്ഡലമാണ് റായ്ബറേലി. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോണിയക്ക് പകരം, റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.