ടിഎംസി നേതാവ് മോണോബ്രത ജനയുടെ ഭാര്യയാണ് തന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ മോശമായി പെരുമാറിയെന്നാരോപിച്ച് പരാതി നല്‍തിയത്
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ റെയ്ഡിന് എത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്ത് ബംഗാള്‍ സര്‍ക്കാര്‍. മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ 2022ലെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്നലെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയത്. തുടര്‍ന്ന് ബാലയ്ചരണ്‍ മൈത്രി, മനോബ്രത ജാന എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കുടുംബാംഗങ്ങളുടെ പരാതിയിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമം ഉള്‍പ്പെടെ ചുമത്തി കേസെടുത്തത്.
ടിഎംസി നേതാവ് മോണോബ്രത ജനയുടെ ഭാര്യയാണ് തന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ മോശമായി പെരുമാറിയെന്നാരോപിച്ച് പരാതി നല്‍തിയത്. 2022 ല്‍ പുര്‍ബ മേദിനിപൂര്‍ ജില്ലയില്‍ മൂന്ന് മരണങ്ങള്‍ക്ക് കാരണമായ സ്‌ഫോടനക്കേസില്‍ ഗൂഢാലോചന നടത്തിയെന്നതിനാണ് ബാലായി ചരണ്‍ മൈത്രി, മനോബ്രത ജന എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
ഈസ്റ്റ് മിഡ്‌നാപുരില്‍ താമസിക്കുന്ന നേതാക്കളുടെ വസതിയിലായിരുന്നു റെയ്ഡ്. വിശദമായ പരിശോധനയ്ക്കു പിന്നാലെ തൃണമൂല്‍ നേതാക്കളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളുമായി കൊല്‍ക്കത്തയിലേക്കു മടങ്ങും വഴി എന്‍ഐഎ സംഘത്തിന്റെ വാഹനം തടഞ്ഞ് ആള്‍ക്കൂട്ടം കല്ലെറിഞ്ഞിരുന്നു. ആക്രമണത്തില്‍ ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റു. പിന്നീട് കേന്ദ്ര സേനയെത്തിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാന്‍ കഴിഞ്ഞത്.
അര്‍ധരാത്രി പൊലീസിനെ അറിയിക്കാതെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിനു പോയതെന്നും യഥാര്‍ഥ പ്രതികള്‍ എന്‍ഐഎ ആണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റിലായവരുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ ലൈംഗികാതിക്രമം ഉള്‍പ്പെടെ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.