മൂന്നാറില്‍ ‘കട്ടക്കൊമ്പന്‍’, നേര്യമംഗലത്ത് ‘ഒറ്റക്കൊമ്പന്‍’;  പരിഭ്രാന്തിയില്‍ നാട്ടുകാര്‍


മൂന്നാര്‍: മൂന്നാറില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. സെവന്‍മല എസ്‌റ്റേറ്റ് പാര്‍വതി ഡിവിഷനിലാണ് രാവിലെ എട്ടുണിയോടെയാണ് കാട്ടാനയെത്തിയത്. അടുത്തിടെ രണ്ടുപേരെ കൊലപ്പെടുത്തിയ കട്ടക്കൊമ്പനാണ് ഇതെന്നാണ് സംശയം.

ലയങ്ങള്‍ക്ക് സമീപമെത്തിയ കൊമ്പന്‍ താമസക്കാരില്‍ പരിഭ്രാന്തി പരത്തി. ബഹളം വെച്ചിട്ടും കാട്ടാന സ്ഥലത്തു നിന്നും പോയില്ല. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. അടുത്തിടെ ഓട്ടോ ഡ്രൈവര്‍ സുരേഷ് കുമാറിനെ കൊലപ്പെടുത്തിയതും കട്ടക്കൊമ്പനാണെന്ന് നാട്ടുകാര്‍ പറയുന്നു.

എന്നാല്‍ വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഡ്രോണ്‍ പരിശോധനയും ആര്‍ആര്‍ടി സംഘത്തിന്റെ നിരീക്ഷണവും ഏര്‍പ്പെടുത്തി എന്നു പറയപ്പെടുന്ന സ്ഥലത്താണ് വീണ്ടും കട്ടക്കൊമ്പനെത്തിയത്. ആനയെ കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചതായാണ് വിവരം.

അതിനിടെ, അടുത്തിടെ കാട്ടാന വീട്ടമ്മ ഇന്ദിരയെ കൊലപ്പെടുത്തിയ നേര്യമംഗലം കാഞ്ഞിരവേലിയില്‍ വീണ്ടും കാട്ടാനയിറങ്ങി. രാത്രി പ്രദേശത്ത് ഇറങ്ങിയ ഒറ്റക്കൊമ്പന്‍ പുലര്‍ച്ചെയാണ് കാടുകയറിയത്. കാട്ടാന ആക്രമണത്തെത്തുടര്‍ന്ന് വ്യാപകമായി കൃഷിനാശമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.

ഭാസ്‌കരന്‍, രവി എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. നാലേക്കറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചതായാണ് കര്‍ഷകര്‍ പറയുന്നത്. നാട്ടുകാര്‍ രാവിലെ ബഹളം വെച്ചതോടെയാണ് കാട്ടാന മടങ്ങിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!