എറണാകുളം : തട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റിലായി. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവിൽ കഴിഞ്ഞു വരുന്നതിനിടയിലാണ് രമ്യ ഷിയാസ് അറസ്റ്റിൽ ആവുന്നത്. കുമ്പളം ടോൾ പ്ലാസയിൽ വെച്ചാണ് രമ്യ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് തടഞ്ഞു നിർത്തിയ ശേഷം രമ്യയെ അറസ്റ്റ് ചെയ്തത്. 80 ലക്ഷം രൂപയുടെ തട്ടിപ്പാണ് രമ്യ ഷിയാസ് നടത്തിയിരുന്നത്.
മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇവർ പലരിൽ നിന്നുമായി 10 മുതൽ 15 ലക്ഷം രൂപ വരെ തട്ടിയെടുത്തിരുന്നത്. ഇത്തരത്തിൽ വിവിധ വ്യക്തികളിൽ നിന്നായി 80 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് രമ്യ ഷിയാസിനെതിരെയുള്ള കേസ്.
തട്ടിപ്പിനിരയായവർ ഡിസിപി, എസിപി, കമ്മീഷണർ എന്നിവർക്ക് എല്ലാം പരാതി നൽകിയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല. ഇതിനിടെ രമ്യ ഷിയാസ് ഹൈക്കോടതിയിൽ നൽകിയിരുന്ന ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും രമ്യ ഷിയാസിനെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയബന്ധം മൂലമാണെന്ന് ആരോപിച്ച് ചേരാനല്ലൂർ പോലീസ് സ്റ്റേഷനു മുൻപിൽ തട്ടിപ്പിനിരയായവർ പ്രതിഷേധം നടത്തി.