ഭോപ്പാല്‍: ‘അടിമ മാനസികാവസ്ഥ’ യുള്ളവര്‍ ഹിന്ദുമത വിശ്വാസത്തെ ആക്രമിക്കുന്നത് തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രയാഗ് രാജിലെ മഹാകുംഭമേളയെ വിമര്‍ശിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ പേര് എടുത്തുപറയാതെയായിരുന്നു മോദിയുടെ പരാമര്‍ശം. ഒരു വിഭാഗം നേതാക്കള്‍ ഹിന്ദു മതത്തെ പരിഹസിക്കുകയും വിദേശ പിന്തുണയോടെ രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയുമാണെന്നും മോദി പറഞ്ഞു.
മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇക്കാലത്ത്, മതത്തെ പരിഹസിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം നേതാക്കള്‍ ഉണ്ട്. വിദേശ ശക്തികള്‍ പലപ്പോഴും ഈ ആളുകളെ പിന്തുണച്ച് രാജ്യത്തെയും മതത്തെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. സാമൂഹിക ഐക്യത്തെ തകര്‍ക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും മോദി പറഞ്ഞു. ‘എപ്പോഴും പുരോഗമന സ്വഭാവമുള്ള ഒരു മതത്തെയും സംസ്‌കാരത്തെയും ആക്രമിക്കാന്‍ അവര്‍ ധൈര്യപ്പെടുന്നു. നമ്മുടെ സമൂഹത്തെ വിഭജിക്കുകയും അതിന്റെ ഐക്യം തകര്‍ക്കുകയും ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം,’ മോദി പറഞ്ഞു.
പ്രയാഗ്രാജിലും ന്യൂഡല്‍ഹിയിലും തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിക്കാനിടയായതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുംഭമേളെ ‘മൃത്യു കുംഭം’ എന്ന് വിശേഷിപ്പിച്ചിരുന്നു. സമാനമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ, അഖിലേഷ് യാദവ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.