പാമ്പാടി (കോട്ടയം) : പാമ്പാടി റബ്‌കോയിലെ തൊഴിലാളികൾ ഒന്നടങ്കം നിലവിലുള്ള യൂണിയനിൽ (Rubco Em 1ployees Union) നിന്ന് രാജിവച്ചു. മാനേജ് മെന്റിന് ഒപ്പം നിന്ന് തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടിൽ പ്രതിക്ഷേധിച്ചാണ് രാജിവച്ചത്.
തൊഴിലാളികളുടെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്ന, തൊഴിലാളികളുടെ തുച്ഛമായ വേതനം പിടിച്ചുവെക്കുന്ന മാനേജ്മെൻറ് നിലപാടിനെതിരെ പ്രതികരിക്കാത്ത യൂണിറ്റ് സെക്രട്ടറിയും പ്രസിഡണ്ടും മാനേജ്മെൻ്റിനൊപ്പം നിന്ന് തൊഴിലാളികളെ നിരന്തരം വഞ്ചിക്കുകയാണെന്ന് ആരോപിച്ചാണ് കൂട്ടരാജി.

തൊഴിലാളി വിരുദ്ധ നിലപാടുകൾക്ക് കൂട്ടുനിൽക്കുന്ന സംസ്ഥാന യൂണിയൻ നേതാക്കന്മാരും തൊഴിലാളികളെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനാൽ യൂണിയൻ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് എംപ്ലോയീസ് യുണിയനിൽ നിന്ന( ആർ ഇ യു സി ഐ ടി യു) 103തൊഴിലാളികൾ രാജിവച്ചത്.
ആകെയുള്ള 120 തൊഴിലാളികളിൽ 103 പേരാണ് സി.ഐ.ടി.യു യൂണിയനിൽ നിന് രാജിവച്ചത്. ശമ്പള കുടിശിഖ കിട്ടണമെന്നാവശ്യപ്പെട്ടു കൊണ്ട് തൊഴിലാളികൾ റബ്കോ ഓഫീസിനു മുൻപിൽ സമരം നടത്തിയിരുന്നു. സമരസമയത്ത് മാദ്ധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിൽ 6 തൊഴിലാളികളെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തിരുന്നു.
മൂന്നു മാസത്തെ ശമ്പളം കിട്ടാതെ വന്നതോടെയാണ് തൊഴിലാളികൾ പാമ്പാടിയിലുള്ള റബ്കോ ഫാക്ടറിക്കു മുൻപിൽ സമരം തുടങ്ങിയത്. ഒരാഴ്ച നീണ്ട സമരത്തിനൊടുവിൽ ലേബർ ഓഫീസറും കളക്ടറുമടക്കം നടത്തിയ ചർച്ചയിലാണ് ഒരു മാസത്തെ ശമ്പളം കൊടുത്തത്.
ഓരോ തൊഴിലാളിക്കും ഒന്നര ലക്ഷത്തോളം രൂപ പി എഫ് കുടിശിഖ ഉണ്ട്. ഈ പണം അടിയന്തരമായി പിഎഫിലേക്ക് അടക്കുക, മറ്റു കമ്പനികൾക്കുവേണ്ടി റബ്കോയെ തകർക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്‌ഥനെ പുറത്താക്കുക, കാലാവധി കഴിഞ്ഞിട്ടും തുടരുന്ന എംഡിയെ മാറ്റുക. മന്ത്രി വി.എൻ വാസവൻ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടുക, കേന്ദ്ര സർക്കാരിന്റെ മിനിമം വേതനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് തൊഴിലാളിികൾ സമരം ചെയ്തത്.