തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ഉച്ചസ്ഥായിയിലേക്ക് മുറുകവെ, കേരളത്തിലെ ആറു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത പോരാട്ടം നേരിടുന്നതായി വിലയിരുത്തല്‍. സിറ്റിങ്ങ് മണ്ഡലങ്ങളില്‍ പത്തനംതിട്ടയും മാവേലിക്കരയും മാത്രമാണ് പ്രശ്നമെന്നായിരുന്നു പാര്‍ട്ടിയുടെ ആദ്യഘട്ട കണക്കുകൂട്ടല്‍.എന്നാല്‍ ശക്തരായ സ്ഥാനാര്‍ത്ഥികളുമായി ഇടതുമുന്നണിയും എൻഡിഎയും പ്രചാരണം ഊര്‍ജിതമാക്കിയതോടെ, ആറു മണ്ഡലങ്ങളില്‍ കൂടി പോരാട്ടം കടുപ്പമേറിയതായി.
മാവേലിക്കരയില്‍ എട്ടാം തവണ മത്സരരംഗത്തിറങ്ങുന്ന കൊടിക്കുന്നില്‍ സുരേഷ് കടുത്ത വിരുദ്ധ വികാരം നേരിടുന്നുണ്ട്. കൊടിക്കുന്നില്‍ സുരേഷിനെതിരെ യുവനേതാവ് അഡ്വ. അരുണ്‍കുമാറിനെ രംഗത്തിറക്കിയാണ് സിപിഐ പോരാട്ടം കടുപ്പിക്കുന്നത്. ഇവിടെ ബിജെപിക്ക് വലിയ സ്വാധീനമില്ലാത്തതിനാൽ നേർക്ക് നേർ പോരാട്ടം ആണ് നടക്കുന്നത്. കൊടിക്കുന്നിൽ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നതിൽ സംശയമില്ല.
മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍, മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍, സിനിമാ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപി എന്നിവര്‍ മാറ്റുരയ്ക്കുന്ന തൃശൂരാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലം. ഇവിടെ തീപാറും പോരാട്ടമാണ് നടക്കുന്നത്. എന്നാൽ തൃശ്ശൂരിൽ കെ മുരളീധരൻ നിലവിലെ അവസ്ഥയിൽ മൂന്നാം സ്ഥാനത്താണെന്നും സുനിൽകുമാറും സുരേഷ് ഗോപിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നതെന്നും നിലവിലെ സാഹചര്യത്തിൽ വിലയിരുത്താം. പ്രചരണ രംഗത്തും ഇത് വ്യക്തമാണ്.
ആലത്തൂരില്‍ സിറ്റിങ് എംപി രമ്യ ഹരിദാസിനെതിരെ മന്ത്രിയും സിപിഎമ്മിന്റെ തിളക്കമാര്‍ന്ന മുഖവുമായ കെ രാധാകൃഷ്ണനെ രംഗത്തിറക്കി പോരാട്ടം കടുപ്പിച്ചു. സിപിഎമ്മിന് വലിയ മേൽക്കൈയുള്ള മണ്ഡലം കൂടിയാണ് ആലത്തൂർ. ഇവിടെ കഴിഞ്ഞതവണ രമ്യാ ഹരിദാസിന്റെ വിജയം പാർട്ടിക്ക് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. അതുകൊണ്ടുതന്നെയാണ് മന്ത്രിസഭയിൽ അംഗമായ പാർട്ടിയിൽ ഏറ്റവും ക്ലീൻ ഇമേജ് ഉള്ള നേതാവിനെ രംഗത്തിറക്കി സിപിഎം മണ്ഡലം തിരിച്ചുപിടിക്കും എന്ന വാശിയിൽ പോരാട്ടം നടത്തുന്നത്.
തിരുവനന്തപുരത്ത് സിറ്റിങ്ങ് എംപിക്കെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ബിജെപി രംഗത്തിറക്കി ശക്തമായ പോരാട്ടത്തിന് വഴി തുറന്നു. ഇടതുമുന്നണി സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനെ കളത്തിലിറക്കിയതോടെ തിരുവനന്തപുരവും കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. എന്നാൽ പ്രചരണം മുന്നോട്ടു നീങ്ങുമ്പോൾ പന്യൻ രവീന്ദ്രൻ പിന്നോട്ട് അടിക്കുകയും ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി തിരുവനന്തപുരത്തെ മത്സരചിത്രം മാറുന്നു എന്ന വിലയിരുത്തലാണ് രാഷ്ട്രീയവൃത്തങ്ങൾക്കുള്ളത്.
കണ്ണൂരില്‍ കെപിസിസി പ്രസിഡന്റും സിറ്റിങ്ങ് എംപിയുമായ കെ സുധാകരനെതിരെ, സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എംവി ജയരാജനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ പോരാട്ടം കടുത്തതായി മാറി. വടകരയില്‍ സിപിഎമ്മിന്റെ ജനകീയ നേതാവ് കെ കെ ശൈലജയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഷാഫി പറമ്പലിനെയാണ് കളത്തിലിറക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ നടക്കുന്നത്.
എന്നാൽ തിരഞ്ഞെടുപ്പിനു മുൻപേ വിലയിരുത്തപ്പെട്ടത് പോലെ പത്തനംതിട്ടയിൽ കോൺഗ്രസ് വലിയ വെല്ലുവിളികൾ നേരിടുന്നില്ലെന്നാണ് പുതിയ സൂചനകൾ നൽകുന്നത്. തോമസ് ഐസക്കിന് ഇടതു വോട്ടുകൾ പോലും ഉറപ്പിച്ചു മുന്നോട്ടു പോകാൻ കഴിയുന്നില്ല. എൻഡിഎയ്ക്കുവേണ്ടി രംഗത്തിറങ്ങിയ അനിൽ ആന്റണി പ്രചരണ രംഗത്ത് സജീവമാണെങ്കിലും ജനങ്ങൾക്ക് ഇടയിൽ വേണ്ടത്ര ശോഭിക്കുന്നില്ലാത്തതിനാൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വലിയ ഭീഷണിയല്ലെന്ന വിലയിരുത്തലാണ് പൊതുവേ ഉള്ളത്.