കൂനത്തറയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. ഓട്ടോ പൂർണമായും തകർന്നു. രാവിലെ കൂനത്തറ ആര്യങ്കാവ് ഗ്രൗണ്ടിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
ഷൊർണൂർ ചുടുവാലത്തൂർ സ്വദേശി സതീശൻ്റെയാണ് ഓട്ടോറിക്ഷ. എട്ടുവയസ്സുകാരനായ മകൻ ആശിർവാദും സതീശനും ചേർന്ന് കൂനത്തറയിൽ നിന്നും ചുടുവാലത്തൂരിലേക്ക് പോകുന്നതിനിടയാണ് അപകടം. പരിക്കേറ്റ ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. റോഡിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.