പാലക്കാട്: വീട്ടിൽ ചാരായം വാറ്റുന്നതിനിടെ വീട്ടമ്മ പിടിയിൽ. അട്ടപ്പാടിയിലെ പൊട്ടിക്കല്‍ സ്വദേശി രാമിയെയാണ് അഗളി എക്സൈസ് പിടികൂടിയത്. അഞ്ച് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ഇവരുടെ പക്കല്‍ നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ദമ്പതികൾ ചാരായം വാറ്റുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്.
എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ രാമിയുടെ ഭർത്താവ് രങ്കൻ ഓടി രക്ഷപ്പെടുകയായിരുന്നു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറാണ് രങ്കൻ. രങ്കനെ പിടികൂടുന്നതിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു..