കോഴിക്കോട് : രണ്ടര മിനിറ്റ്, മുഖം മറച്ച റെയ്ഡര്‍ ജാക്കറ്റ് അണിഞ്ഞെത്തിയ കവര്‍ച്ചക്കാരന്‍, ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ന്നത് 15 ലക്ഷം രൂപ. കേരളത്തെ ഞെട്ടിച്ച ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്ന കവര്‍ച്ചയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. കൃത്യമായ ആസൂത്രണത്തോടെ ചെയ്ത കവര്‍ച്ച എന്ന നിലയിലാണ് പോട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ തേടി കേരള പൊലീസ് നാടും നഗരവും തിരയുമ്പോള്‍ വീണ്ടും ചര്‍ച്ചയില്‍ വരികയാണ് ഇന്ത്യയെ തന്നെ ഞെട്ടിച്ച ചേലേമ്പ്ര ബാങ്ക് കവര്‍ച്ച.
2007 ഡിസംബര്‍ 30 രാത്രിയായിരുന്നു, മലപ്പുറം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ ചേലേമ്പ്രയിലെ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്കിന് താഴെ ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ വാടകയ്ക്ക് എടുത്തായിരുന്നു കവര്‍ച്ച നടത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ കോണ്‍ക്രീറ്റ് തുരന്ന് ബാങ്കിന്റെ ലോക്കര്‍ റൂമിലേക്ക് കയറിയായിരുന്നു മോഷണം.
സൂപ്പര്‍ ഹിറ്റ് ബോളിവുഡ് സിനിമ ധൂമിനെ അനുസ്മരിപ്പിച്ച കവര്‍ച്ച പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് കവര്‍ച്ചയായി അടയാളപ്പെടുത്തപ്പെട്ടു. എട്ട് കോടി രൂപയും 80 കിലോ സ്വര്‍ണവുമായിരുന്നു അന്ന് നഷ്ടപ്പെട്ടത്. രണ്ട് മാസത്തോളം നീണ്ട സങ്കീര്‍ണമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടിയപ്പോള്‍ രാജ്യം കണ്ടത് കേരള പൊലിസിന്റെ അന്വേഷണ മികവ് കൂടിയായിരുന്നു.
ജോസഫ് എന്ന ബാബും ഒരു സ്ത്രീയുള്‍പ്പെടെ മൂന്നംഗ സംഘവുമായിരുന്നു കവര്‍ച്ചയ്ക്ക് പിന്നില്‍. പ്രാദേശിക കവര്‍ച്ച സംഘങ്ങള്‍ മുതല്‍ മാവോയിസ്റ്റുകളെ വരെ അന്ന് അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരുന്നു. ബാങ്കിനുള്ളില്‍ എഴുതിവച്ച ‘ജയ് മാവോ’ എന്ന വാചകമായിരുന്നു ഇതിന് കാരണം. ഹൈദരാബാദിലെ ഹോട്ടലില്‍ മോഷിടിച്ച സ്വര്‍ണത്തിന്റെ ഒരു പങ്ക് ഉപേക്ഷിച്ചും കവര്‍ച്ചാ സംഘം ഈ വാദത്തിന് ശക്തി പകരാന്‍ ശ്രമിച്ചിരുന്നു. അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതെന്ന് പിന്നീട് തെളിഞ്ഞു.
25 ലക്ഷം ഫോണ്‍ കോളുകളാണ് അന്ന് കേസ് അന്വേഷിച്ച മലപ്പുറം എസ് പി ആയിരുന്ന പി വിജയന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. അതില്‍ നിന്നും കെട്ടിടം വാടകയ്ക്ക് എടുക്കാന്‍ വേണ്ടി ഉടമയ്ക്ക് നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍ ഉടമയെ വിളിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഈ നമ്പര്‍ ഉപയോഗിച്ചത്. ഇയാളുടെ പക്കല്‍ മറ്റൊരു ഫോണ്‍ ഉണ്ടായിരുന്നു എന്ന ഉടമയുടെ മൊഴിയാണ് ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ വഴിതുറന്നത്. ഒടുവില്‍ കണ്ടെത്തിയ രണ്ടാമത്തെ നമ്പറില്‍ നിന്നാണ് ബാബു എന്ന മോഷ്ടാവ് കോട്ടയം സ്വദേശി ജോസഫ് ആണെന്ന് തിരിച്ചറിയുന്നത്.
ഇതിനിടെ ജോസഫിനെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു വ്യക്തിയെയും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. ഇതേ ഫോണ്‍ നമ്പര്‍ നല്‍കി ഒരു ഹോസ്പിറ്റലില്‍ എടുത്ത അപ്പോയിന്‍മെന്റ് ദിവസമാണ് പോലീസ് ജോസഫിനെ പിടികൂടുന്നത്. അപ്പോഴേക്കും മോഷണം നടന്ന 56 ദിവസങ്ങള്‍ പിന്നിട്ടിരുന്നു. ബാബു എന്ന ജോസഫിന് പുറമെ ഷിബു രാധാകൃഷന്‍, എന്നിവരും ജോസഫിന്റെ ഭാര്യ കനകേശ്വരിയുമായിരുന്നു കേസിലെ പ്രതികള്‍. ആദ്യമൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും കനകേശ്വരി 5 വര്‍ഷം തടവുമായിരുന്നു കോടതി വിധിച്ചത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെയും പണത്തിന്റെയും എണ്‍പത് ശതമാനവും കണ്ടെത്താനും പൊലീസിന് കഴിഞ്ഞു.
ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചേലേമ്പ്ര ബാങ്ക് കവര്‍ച്ച പിന്നീട് പല സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കും വിഷയമായിമാറി. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്രൈം ഷോയായ ക്രൈം പട്രോളിന്റെ നിര്‍മ്മാതാവും എഴുത്തുകാരനുമായി അനിര്‍ബന്‍ ഭട്ടാചാര്യ എഴുതിയ പുസ്തകത്തില്‍ ഇന്ത്യയിലെ മണി ഹെയ്സ്റ്റ് എന്നാണ് ചേലേബ്ര ബാങ്ക് കവര്‍ച്ചയെ വിശേഷിപ്പിച്ചത്.