കൊട്ടാരക്കര : ഗവ. ആശുപത്രിയിൽ വെച്ച് കൊലചെയ്യപ്പെട്ട ഡോക്ടർ വന്ദനദാസ് കേസിലെ സാക്ഷികളുടെ വിചാരണ ബുധനാഴ്ച ആരംഭിക്കും. വന്ദനയോടൊപ്പം സംഭവ സമയം കാഷ്വാലിറ്റിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ മുഹമ്മദ് ഷിബിനെയാണ് കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് മുമ്പാകെ വിസ്തരിക്കുന്നത്.
2023 മെയ് പത്താം തീയതി നടന്ന കൊലപാതകത്തെ സംബന്ധിച്ച് പോലീസ് മുമ്പാകെ പ്രഥമ വിവരമൊഴി നൽകിയത് ഡോക്ടർ മുഹമ്മദ് ഷിബിൻ ആയിരുന്നു. പൂയപ്പള്ളി പോലീസ് കൊട്ടാരക്കര ഗവ. ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ച കുടവട്ടൂർ സ്വദേശിയായ പ്രതി സന്ദീപ് ഹോസ്പിറ്റലിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവർ, സന്ദീപിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് സമീപവാസികൾ എന്നിവരെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും, ക്യാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വന്ദനയെ വധിക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്.
കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് അന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തെത്തുടർന്ന് ഹാജരാക്കിയ കുറ്റപത്രത്തിൽ 35 ഓളം ഡോക്ടർമാരെ ഈ കേസിൽ സാക്ഷിയാക്കിയിട്ടുണ്ട്. കേസിലെ ആദ്യ 50 സാക്ഷികളെയാണ് കേസിന്റെ ആദ്യ വിചാരണ ഘട്ടത്തിൽ കോടതി മുമ്പാകെ വിസ്തരിക്കുന്നത്.
മുമ്പ് കേസിലെ വിചാരണ തീയതികൾ കോടതി നിശ്ചയിച്ചിരുന്നു എങ്കിലും പ്രതി സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് കേസിന്റെ വിചാരണ തീയതികൾ പുനർ നിശ്ചയിക്കുകയായിരുന്നു. കേസ് വിചാരണക്കായി സംസ്ഥാന സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
ഡോക്ടർ വന്ദന ദാസ് കൊലക്കേസ്.. സാക്ഷി വിസ്താരം ബുധനാഴ്ച ആരംഭിക്കും…
