മലപ്പുറം: ഡല്‍ഹി ബിജെപിയുടെ കൈക്കുമ്പിളില്‍ വെച്ചു കൊടുത്തതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ്സിനു മാത്രമാണെന്ന് മുന്‍മന്ത്രി കെ ടി ജലീല്‍. കോണ്‍ഗ്രസ്സിന് ഇപ്പോഴും യാഥാര്‍ത്ഥ്യ ബോധമില്ല. സിപിഎമ്മും സിപിഐയും ഡല്‍ഹിയില്‍ മല്‍സരിക്കാന്‍ പാടില്ലായിരുന്നു. സ്വന്തം ദൗര്‍ബല്യം മാലോകര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ഇടവന്നു എന്നല്ലാതെ മറ്റൊന്നും അതുകൊണ്ട് സംഭവിച്ചില്ല എന്നും കെടി ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
സിപിഎമ്മിന്റേയും സിപിഐയുടേതും ബുദ്ധിശൂന്യമായ പ്രവൃത്തിയായിപ്പോയി അത്. എന്തൊക്കെ കുറവുകള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും ആം ആദ്മിക്ക് ഡല്‍ഹിയില്‍ വേരോട്ടമുണ്ട്. 1977-ല്‍ തോറ്റ ഇന്ദിരാഗാന്ധി പൂര്‍വ്വോപരി ശക്തിയോടെ തിരിച്ചുവന്ന പോലെ അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയിലും തിരിച്ചു വരും. പാവപ്പെട്ടവര്‍ക്ക് വെള്ളവും വെളിച്ചവും ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും സൗജന്യമായി ഉറപ്പു വരുത്തിയ സര്‍ക്കാരിനെയാണ് ഡല്‍ഹിക്കാര്‍ നിഷ്‌കരുണം വലിച്ചെറിഞ്ഞത്.
കേന്ദ്ര സര്‍ക്കാരിന് കെജരിവാളിനെയും സിസോദിയേയും അറസ്റ്റ് ചെയ്ത് ജയിലിലടക്കാനുള്ള വടി നല്‍കിയത് കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസ്സിന്റെ പരാതിയുടെ മേലായിരുന്നു ഈഡിയുടെ അന്വേഷണവും അറസ്റ്റും. ഗൃഹനാഥന്‍ തന്നെ കുടുംബാംഗങ്ങളെ ഒറ്റുകൊടുക്കുന്ന പണിയാണ് ഇന്ത്യാമുന്നണിയുടെ നേതൃസ്ഥാനത്തിരുന്ന് കോണ്‍ഗ്രസ് ചെയ്തത്. ഡല്‍ഹി ജനത അരവിന്ദ് കെജരിവാള്‍ എന്ന ഭരണകര്‍ത്താവിനോട് കാണിച്ച നന്ദികേടിന് മനമുരുകി പശ്ചാത്തപിക്കേണ്ടി വരും. കെ ടി ജലീല്‍ കുറിച്ചു.