പാലക്കാട് എങ്ങനെ തോറ്റു?; ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ വിലയിരുത്താനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിട്ടുള്ളതെങ്കിലും പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വി പ്രധാന ചര്‍ച്ചയായേക്കും. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ കനത്ത പരാജയമാണ് പാര്‍ട്ടി നേരിട്ടത്. വോട്ടു ശതമാനത്തില്‍ വലിയ ഇടിവുണ്ടായത് യോഗത്തില്‍ ഉന്നയിച്ചേക്കും.  പാലക്കാട്ടെ പരാജയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനങ്ങളുയരുകയും അദ്ദേഹം പരസ്യമായി മറുപടി നല്‍കുകയും ചെയ്ത പശ്ചാത്തലത്തില്‍ യോഗത്തില്‍ അതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്നാണു സൂചന.

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ ഏതാണ്ട് 4000ല്‍പ്പരം വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലെത്തിയിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. ഇത്തവണയും രണ്ടാം സ്ഥാനത്താണെങ്കിലും പതിനായിരത്തോളം വോട്ടുകളാണ് ബിജെപിക്ക് കുറവുണ്ടായത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലമാണ് പാലക്കാട്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 3000ല്‍പ്പരം വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ വിജയിച്ചത്. പാലക്കാട് ശോഭ സുരേന്ദ്രന്‍ അടക്കം പല പേരുകളും ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, പാര്‍ട്ടി സംസ്ഥാന നേതൃത്വം സി കൃഷ്ണകുമാറിനായി ഉറച്ചു നില്‍ക്കുകയായിരുന്നു. കെ സുരേന്ദ്രന്‍ അടക്കം സംസ്ഥാന നേതൃത്വം പാലക്കാട് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നു. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടത്, പാലക്കാട്ടെ വോട്ടു നഷ്ടമാകല്‍ എന്നിവ ഉയര്‍ത്തി കെ സുരേന്ദ്രന്‍ വിഭാഗത്തിനെതിരെ എതിര്‍പക്ഷം ശക്തമായി രംഗത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!