കുട്ടികളുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമെന്ന് കോടതി

കൊച്ചി  :  കുട്ടികളുടെ മുന്നില്‍ നഗ്നശരീരം പ്രദര്‍ശിപ്പിക്കുന്നതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി.

വാതിലടക്കാതെ കുട്ടിയുടെ മുന്നില്‍ വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന കേസ് റദ്ദാക്കണമെന്ന ഹർജി തള്ളിയാണ് നിരീക്ഷണം. ലോഡ്ജിൽ മുറിയുടെ വാതിലടക്കാതെയാണ് പ്രതി ശാരീരിക ബന്ധത്തിലേർപ്പെട്ടതും വാതിൽ തുറന്നെത്തിയ കുട്ടി രംഗം കണ്ടതും പിന്നാലെ മർദനമേറ്റുവാങ്ങിയതും. ഇതിന്റെ പേരിൽ പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തത് ശരിയല്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ഒരാൾ കുട്ടിക്ക് മുന്നിൽ തന്റെ നഗ്നശരീരം കാണിക്കുന്നത് ആ കുട്ടിയോട് ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ നിരീക്ഷിച്ചു.

ഇവിടെ ഹർജിക്കാരൻ നഗ്നനാവുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. വാതിൽ പൂട്ടാതിരുന്നതു കൊണ്ട് കുട്ടി അകത്തേക്ക് വരികയും അവിടെ നടന്ന കാര്യങ്ങൾ കാണുകയും ചെയ്തു. അതുകൊണ്ടുതന്നെ പോക്സോ നിയമത്തിലെ വകുപ്പുകൾ നിലനിൽക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്. കുട്ടിയെ ഹർജിക്കാരൻ തല്ലിയെന്ന ആക്ഷേപമുണ്ട്. അതുകൊണ്ട് ക്രിമിനൽ നിയമപ്രകാരമുള്ള വകുപ്പുകളും നിലനിൽക്കും.

അതുകൊണ്ട് ഹ‍ർജിക്കാരന്റെ ആവശ്യം തള്ളിയ കോടകി പോക്സോ, ഐപിസി അനുസരിച്ചുള്ള വകുപ്പുകളില്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി. അതേസമയം ജുവനൈൽ ജസ്റ്റിസ് നിയമം, പൊതുസ്ഥലങ്ങളിൽ അശ്ലീലം സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളിൽ ചുമത്തിയിരുന്ന വകുപ്പുകൾ കോടതി റദ്ദാക്കി. ആ വകുപ്പുകൾ കേസിൽ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!