കൊച്ചി: ക്ഷേത്രങ്ങൾ സിനിമ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി. ഭക്തർക്ക് ആരാധനയ്ക്കുള്ളതാണ് ക്ഷേത്രങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ പരാമർശം. ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വിഡിയോകളും ചിത്രീകരിക്കാൻ അനുവദിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം.
ഹർജിയിൽ കോടതി സർക്കാരിന്റെയും ദേവസ്വത്തിന്റെയും വിശദീകരണം തേടിയിട്ടുണ്ട്. അടുത്തിടെ പൂർണത്രയേശ ക്ഷേത്രം ‘വിശേഷം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി അനുവദിച്ചെന്നും സിനിമക്കാർക്കൊപ്പം ഹിന്ദുക്കളല്ലാത്ത സ്ത്രീ-പുരുഷന്മാർ കയറിയെന്നും ചൂണ്ടിക്കാട്ടി ദിലീപ് മേനോൻ, ഗംഗ വിജയൻ എന്നിവരാണ് ക്ഷേത്രത്തിലെ സിനിമ ഷൂട്ടിങ്ങിനെതിരെ ഹർജി സമർപ്പിച്ചത്.
അഹിന്ദുക്കളുൾ ഉൾപ്പെടെയുള്ളവർക്കാണ് സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലേക്ക് പ്രവേശനാനുമതി നൽകിയത്. ക്ഷേത്രത്തിന്റെ പാരമ്പര്യവും ആചാരവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ഉദ്യോഗസ്ഥർക്കാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.