കൊച്ചി : ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തർക്കത്തിലുള്ള ആറ് പള്ളികളും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകി. നിർദ്ദേശം പാലിച്ചില്ലെങ്കിൽ കളക്ടർമാരെയും സംസ്ഥാന ചീഫ് സെക്രട്ടറിയേയും വിളിച്ചു വരുത്തുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് വി.ജി അരുൺ ആണ് ഓർത്തഡോക്സ്-യാക്കോബായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഉത്തരവിട്ടിരിക്കുന്നത്. പള്ളികളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ കഴിഞ്ഞ ഓഗസ്റ്റ് 30ന് കോടതി ഉത്തരവിട്ടിരുന്നെങ്കിലും ജില്ലാ കളക്ടർമാർ ഈ നിർദ്ദേശം പാലിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഹൈക്കോടതി കളക്ടർമാർക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
യാക്കോബായ വിഭാഗത്തിന്റെ എതിർപ്പ് മൂലം മലങ്കര ഓർത്തഡോക്സ് വിഭാഗത്തിലെ അംഗങ്ങളെ പള്ളികളിൽ പ്രവേശിപ്പിക്കാനും സമാധാനപരമായി പ്രാർത്ഥന നടത്താനും അനുവദിക്കുന്നില്ല എന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. 2022 ൽ കോടതി നൽകിയിട്ടുള്ള നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്ന് ജസ്റ്റിസ് അരുൺ വ്യക്തമാക്കി.