അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലിലേക്ക്;  അന്തിമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹം

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച മലയാളി അര്‍ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് മണിക്കൂറുകള്‍ക്കകം കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്.

പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു.

പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും  അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിനെ കേരള, കര്‍ണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. രാവിലെ 8 മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.

ജൂലൈ 16 നാണ് കര്‍ണാടകയിലെ ഷിരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവറായ അര്‍ജുനെ കാണാതായത്. രാവിലെ 8.45 നാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന് ശേഷവും ഷിരൂരില്‍ കനത്ത മഴയായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. ഗോവയില്‍ നിന്നും ഡ്രഡ്ജറടക്കം എത്തിച്ച് അര്‍ജുന്‍ മിഷന്‍ പുനരാരംഭിച്ചു. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തിയത്. ക്യാബിനില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!