ഇതര സംസ്ഥാന തൊഴിലാളി രജിസ്‌ട്രേഷന് ഏകീകൃത പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിക്കും

തിരുവനന്തപുരം : ഇതര സംസ്ഥാന തൊഴിലാളി രജിസ്‌ട്രേഷന് ഏകീകൃത പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രജിസ്റ്റർ ചെയ്യുന്നവർക്ക് ആധാർ അധിഷ്ഠിതമായ യുണീക്ക് നമ്പർ നൽകി വിവിധ ഏജൻസികൾക്ക് വിവരങ്ങൾ ലഭ്യമാക്കും.

രജിസ്‌ട്രേഷന്റെ ഉത്തരവാദിത്വം തൊഴിൽദാതാവിനായിരിക്കും. സ്ഥിരമായ തൊഴിൽദാതാവില്ലാത്ത വഴിയോരങ്ങളിലും മറ്റും തൊഴിൽ തേടുന്നവരുടെ രജിസ്‌ട്രേഷൻ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥൻ നിർവഹിക്കണം. ജോലിയിൽ നിന്നോ താമസസ്ഥലത്ത് നിന്നോ വിട്ട് പോകുമ്പോൾ തൊഴിൽദാതാവ് തന്റെ രജിസ്‌ട്രേഷൻ അക്കൗണ്ടിൽ നിന്ന് ഇവരെ ഒഴിവാക്കണം. പുതിയ സ്ഥലത്ത് ജോലിക്കോ താമസത്തിനോ ചെല്ലുമ്പോൾ തൊഴിലാളിയുടെ യൂണീക് നമ്പർ ഉപയോഗിച്ച് പുതിയ ഉടമയുടെ കീഴിൽ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തും.

തൊഴിൽദാതാവ്, ലേബർ കോൺട്രാക്ടർമാർ, അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ ലേബർ ഓഫീസിൽ തങ്ങളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്ത് ലോഗിൻ ഐഡിയും പാസ്‌വേഡും വാങ്ങണം. ഇവ ഉപയോഗിച്ച് തങ്ങളുടെ  തൊഴിലാളികളെ രജിസ്റ്റർ ചെയ്യിപ്പിക്കണം.

തൊഴിൽ, വ്യവസായ, തദ്ദേശ സ്വയംഭരണ, പോലീസ് വകുപ്പുകൾ നിർവഹിക്കേണ്ട ചുമതലകളും നടപടികളും സംബന്ധിച്ച് വിശദമായ മാർഗരേഖ പുറപ്പെടുവിക്കുന്നതിന് തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തും. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളിൽ കോർഡിനേഷൻ സമിതികൾ രൂപീകരിക്കും. ഓരോ വകുപ്പിലും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!