പാരിസ്: ഒളിംപിക്‌സ് ഹോക്കി ക്വാര്‍ട്ടറില്‍ ഇന്ത്യ കരുത്തരായ ബ്രിട്ടനെതിരെ ഗംഭീര പോരാട്ടമാണ് പുറത്തെടുത്തത്. ഷൂട്ടൗട്ടിലേക്ക് മത്സരം നീട്ടാനും ഷൂട്ടൗട്ടില്‍ ഒരു ഗോള്‍ തടുത്ത് ഇന്ത്യന്‍ ജയം ഉറപ്പിക്കാനും തുണയായത് ഇതിഹാസ ഗോള്‍ കീപ്പറും മലയാളിയുമായ പിആര്‍ ശ്രീജേഷിന്റെ മികവും പരിചയ സമ്പത്തുമാണ്.
മത്സരത്തിനു പിന്നാലെ ശ്രീജേഷിനെ പ്രശംസിച്ച് ഇന്ത്യന്‍ ഹോക്കി പ്രസിഡന്റ് ദിലിപ് ടിര്‍ക്കി രംഗത്തെത്തി. ഒളിംപിക്‌സിനു ശേഷം വിരമിക്കുമെന്നു ശ്രീജേഷ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശ്രീജേഷ് വിരമിക്കരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും തുടര്‍ന്നും ഇന്ത്യക്കായി കളിക്കണമെന്നു ടിര്‍ക്കി വ്യക്തമാക്കി. ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയുടെ ദൈവമാണെന്നും ടിര്‍ക്കി.
‘നിലവിലെ ഇന്ത്യന്‍ ഹോക്കിയുടെ മുഖച്ഛായ തന്നെ മാറിയിട്ടുണ്ട്. സമീപ കാലത്ത് മികച്ച പ്രതിരോധമാണ് ടീമിന്റേത്. ബ്രിട്ടനെതിരെ ടീം അത്രയും സമ്മര്‍ദ്ദത്തില്‍ നില്‍ക്കെ ശ്രീജേഷ് ടീമില്‍ ഉണ്ടത് എന്നതാണ് നിര്‍ണായകമായത്. ഇന്ത്യന്‍ ഹോക്കിയുടെ ദൈവമാണ് അദ്ദേഹം. മുന്‍ കാലങ്ങളിലും ഇത്തരം ധാരാളം സേവുകള്‍ അദ്ദേഹം ടീമിനായി നടത്തിയിട്ടുണ്ട്. അത്തരത്തിലുള്ള മറ്റൊരു പ്രകടനം കൂടി നടത്തി അദ്ദേഹം ടീമിനെ സെമിയിലേക്ക് എത്തിച്ചു. അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ് ഇതില്‍ പ്രധാനം.’
‘ശ്രീജേഷ് വിരമിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. എങ്കിലും അദ്ദേഹം ഇനിയും ഇന്ത്യന്‍ ടീമില്‍ കളിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഭാവിയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇന്ത്യന്‍ ഹോക്കിക്ക് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു’- ടിര്‍ക്കി വ്യക്തമാക്കി.
ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ഇന്ത്യ 4-2നാണ് വിജയിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1നു സമനില പാലിച്ചു. ഇടയ്ക്ക് ഒരു താരമില്ലാതെ 10 പേരുമായാണ് ഇന്ത്യ കളിച്ചത്. അമിത് രോഹിദാസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതാണ് ഇന്ത്യക്ക് ആശങ്കയായത്. എന്നാല്‍ ഇന്ത്യ പത്ത് പേരുമായി മികച്ച പ്രതിരോധം തീര്‍ത്ത് കളം വാണു.
പിആര്‍ ശ്രീജേഷിന്റെ കരുത്തുറ്റ സേവുകളാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. നിശ്ചിത സമയത്ത് 11 ഷോട്ടുകളും 4 പെനാല്‍റ്റി കോര്‍ണറുകളും തടുത്തിട്ട ശ്രീജേഷ് ഷൂട്ടൗട്ടിലും ഒരു ഗോള്‍ തടുത്താണ് ഇന്ത്യന്‍ ജയം ഉറപ്പിച്ചത്.