ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന് നേട്ടം; രണ്ടിടത്ത് മാത്രം ബിജെപി; ബിഹാറില്‍ സ്വതന്ത്രന് വിജയം

ന്യഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ത്യാസഖ്യത്തിനു വന്‍ വിജയം. പത്ത് ഇടങ്ങളില്‍ ഇന്ത്യാ മുന്നണി ജയിച്ചു. 2 സീറ്റുകളില്‍ ബിജെപിയും ഒരിടത്ത് സ്വതന്ത്രനുമാണ് വിജയം. മധ്യപ്രദേശിലും ഹിമാചലിലെ ഒരു സീറ്റിലുമാണ് ബിജെപി വിജയിച്ചത്. ബിഹാറില്‍ ജെഡിയുവിനെയും ആര്‍ജെഡിയെയും പിന്നിലാക്കിയാണ് സ്വതന്ത്രന്‍ വിജയം നേടിയത്‌.

പഞ്ചാബ് (1), ഹിമാചല്‍ പ്രദേശ് (3), ഉത്തരാഖണ്ഡ് (2), പശ്ചിമ ബംഗാള്‍ (4), മധ്യപ്രദേശ് (1), ബിഹാര്‍ (1), തമിഴ്നാട് (1) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (ബംഗാള്‍), വിക്രവണ്ടി (തമിഴ്‌നാട്), അമര്‍വാഡ് (മധ്യപ്രദേശ്), ഡെഹ്‌റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), റുപൗലി (ബിഹാര്‍), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്) എന്നിവയായിരുന്നു മണ്ഡലങ്ങള്‍

2021ലെ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ മണിക്തല സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ജയിച്ചത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്‍, ബാഗ്ദാ എന്നിവടങ്ങളില്‍ ബിജെപിയാണ് ജയിച്ചത്. ബിജെപി എംഎല്‍എമാര്‍ പിന്നീട് തൃണമൂലിലേക്ക് പോയി. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റിലെ വിജയം എഎപിക്ക് നിര്‍ണായകമാണ്. എംഎല്‍എമാരുടെ മരണത്തെയും രാജിയെയും തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ ആംആദ്മി പാര്‍ട്ടിയുടെ മൊഹിന്ദര്‍ ഭഗത് 37,325 വോട്ടിനു ജയിച്ചു. ബിജെപിയുടെ ശീതള്‍ അങ്കുറാലിനെയാണ് ഭഗത് തോല്‍പ്പിച്ചത്. ശീതള്‍ എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

തമിഴ്നാട്ടിലെ വിക്രവണ്ടിയില്‍ ഡിഎംകെയിലെ അണ്ണിയൂര്‍ ശിവ പിഎംകെയിലെ അന്‍പുമണിയെ 67,000 വോട്ടിന് പരാജയപ്പെടുത്തി.

ബംഗാളില്‍ തെരഞ്ഞെടുപ്പു നടന്ന നാലു സീറ്റിലും തൃണമൂല്‍ വന്‍ വിജയം നേടി. റായ്ഗഞ്ജില്‍ തൃണമൂലിന്റെ കൃഷ്ണ കല്യാണി ബിജെപിയുടെ മനസ് കുമാര്‍ ഘോഷിനെ 50,077 വോട്ടിനു തോല്‍പ്പിച്ചു. റാണാഘട്ട് ദക്ഷിണില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി മുകുത് നാമി അധികാരിയുടെ ഭൂരിപക്ഷം 74,485. ബാഗ്ദയിലും തൃണമൂല്‍ സ്ഥാനാര്‍ഥി 74,000ല്‍ ഏറെ വോട്ടിനു ജയിച്ചു. മാനിക്ടാലയില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി വിജയിച്ചു.

ഹിമാചലിലെ ദെഹ്റയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവിന്റെ ഭാര്യയുമായ കമലേഷ് ഠാക്കൂര്‍ ബിജെപിയുടെ ഹോഷിയാര്‍ സിങ്ങിനെ 9399 വോട്ടിനു ജയിച്ചു. നാഗഗഢില്‍ കോണ്‍ഗ്രസിലെ ഹര്‍ദീപ് സിങ് ബാവ 25,618 വോട്ടിനു ജയം നേടി.

ഹിമാചലില്‍ തെരഞ്ഞെടുപ്പു നടന്ന മൂന്നാമത്തെ സീറ്റായ ഹാമിപുരില്‍ ബിജെപിക്കാണ് ജയം. പാര്‍ട്ടി സ്ഥാനാര്‍ഥി ആശിഷ് ശര്‍മയാണ് കോണ്‍ഗ്രസിലെ പുഷ്പിന്ദര്‍ ശര്‍മയെ വാശിയേറിയപോരാട്ടത്തില്‍ പിന്നിലാക്കിയത്.

ബീഹാറില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ശങ്കര്‍ സിങ് വിജയിച്ചു. ജെഡിയുവാണ് രണ്ടാം സ്ഥാനത്ത്. 8,246 വോട്ടിനായിരുന്നു ശങ്കര്‍ സിങിന്റെ വിജയം

ഉത്തരാഖണ്ഡിലെ ബദരിനാഥില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലഖ്പത് സിങ് 5224 വോട്ടിനു ജയിച്ചു. മാംഗലൗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 31,207 വോട്ടിനാണ് ജയിച്ചത്. മധ്യപ്രദേശിലെ അമര്‍വാഡില്‍ ബിജെപി സ്ഥാനാര്‍ഥി കമലേഷ് പ്രതാപ് 3027 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!