തിരുവല്ല : അസംഘടിത മേഖലയിലെ ഏകദേശം 5 ലക്ഷത്തിലധികം വരുന്ന സ്വകാര്യ സുരക്ഷ ജീവനക്കാരിൽ പലർക്കും തൊഴിൽ ചെയ്ത് 40 ദിവസം കഴിയുമ്പോഴാണ് വേതനം ലഭിക്കുന്നതെന്ന് പരാതികൾ ഉയരുന്നു.
സ്വകാര്യ ഏജൻസികളുടെയുടെയും, സ്വകാര്യ സ്ഥാപനങ്ങളുടെയും കീഴിൽ ജോലിചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പ്രതിമാസ ശമ്പളം കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന കടുത്ത ആരോപണവുമായി സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ രംഗത്തെത്തി.
സർക്കാർ സ്ഥാപനങ്ങളിലും, ബാങ്കുകളിലും മറ്റും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്നും അത് തങ്ങളോടുള്ള വിവേചനം ആണെന്നും സ്വകാര്യമേഖലയിലെ സെക്യുരിറ്റി ജീവനക്കാർ ആരോപിക്കുന്നു. ജോലിയിൽ പ്രവേശിക്കുമ്പോൾ തൊട്ടടുത്ത മാസം അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം ലഭിക്കുമെന്ന വാഗ്ദാനം ഒട്ടുമിക്ക സ്വകാര്യ ഏജൻസികളും പാലിക്കാറില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാർ പറയുന്നത്.
പരാതികൾ ഉന്നയിച്ചാൽ തൊഴിൽ നഷ്ടപ്പെടുമെന്നുള്ള ഭയമുണ്ടെന്നും ജീവനക്കാർ പങ്കുവെച്ചു . തൊഴിൽ നഷ്ടപ്പെടുമെന്നുള്ള ഭീതി ഒട്ടുമിക്ക സെക്യൂരിറ്റി ജീവനക്കാരും പ്രതികരിക്കാൻ പോലും തയ്യാറായില്ല. ജൂൺ മാസത്തിലെ തൊഴിലിന്റെ വേതനം ഇതുവരെയും ലഭിക്കാത്ത നിരവധി സെക്യൂരിറ്റി ജീവനക്കാർ പരാതിപ്പെട്ടിട്ടുണ്ടെന്നാണ് സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
കൃത്യസമയത്ത് ശമ്പളം ലഭിക്കാത്തതിനാൽ 87% ജീവനക്കാരും അസ്വസ്ഥരും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുമെന്നുമാണ് സംഘടനയുടെ ആഭിമുഖ്യത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ ഇടയിൽ സംസ്ഥാന വ്യാപകമായി നടത്തിയ സർവ്വേയിൽ നിന്നും മനസ്സിലായതെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. രാജേഷ് നെടുമ്പ്രം പ്രതികരിച്ചത്.