ആലപ്പുഴ: മാന്നാർ കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി അനിലിന്റെ ബന്ധു സുരേഷ്. മൃതദേഹം മറവുചെയ്യാനായി അനിൽ വിളിച്ചതിനെ തുടർന്നാണ് സ്ഥലത്ത് എത്തിയതെന്നാണ് സുരേഷ് പറയുന്നത്. എന്നാൽ ഭയത്തെ തുടർന്ന് തിരികെ വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും സുരേഷ് പോലീസിനോട് പറഞ്ഞു.
2009 ൽ അനിൽ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും പെരുമ്പുഴ പാലത്തിലേക്ക് പോകുകയായിരുന്നു. ഇവിടെ കാറുമായി അനിൽ എത്തിയിരുന്നു. കാറിനുള്ളിൽ കലയുടെ മൃതദേഹം കണ്ടപ്പോഴേ പന്തികേട് തോന്നിയിരുന്നു. കയ്യബദ്ധം പറ്റിപ്പോയെന്നും ആരും അറിയാതെ മൃതദേഹം മറവ് ചെയ്യാൻ സഹായിക്കണം എന്നും അനിൽ ആവശ്യപ്പെട്ടു.
എന്നാൽ ഭയന്ന് പിന്മാറി. മറ്റ് സഹൃത്തുക്കളും അനിലും ചേർന്നാണ് പിന്നീട് മൃതദേഹം മറവ് ചെയ്തത്. സംഭവം പുറത്തുപറയഞ്ഞാൽ കൊന്ന് കളയുമെന്ന് അനിൽ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുരേഷ് വ്യക്തമാക്കി.
സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് സുരേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് സുരേഷ് നിർണായക വിവരങ്ങൾ പോലീസിനെ അറിയിച്ചത്. അതേസമയം നിലവിൽ ഇസ്രായേലിൽ ഉള്ള അനിലിനോട് കേരളത്തിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.