കൊച്ചി: വിഎസ് അച്യുതാനന്ദൻ ഇന്ന് സജീവമായിരുന്നെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പാര്‍ട്ടിക്ക് വേണ്ടി മുന്നില്‍ നിന്ന് പോരാന്‍ അദ്ദേഹം ഉണ്ടാകുമായിരുന്നുവെന്ന് സിപിഎം മുന്‍ സംസ്ഥാനകമ്മിറ്റി അംഗവും മാധ്യമപ്രവര്‍ത്തകനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. അങ്ങനെയുള്ള വേറെയാരും സിപിഎമ്മില്‍ നിലവില്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോഗ്‌സിൽ പറഞ്ഞു.
വിഎസ്സിനോടുള്ള തന്റെ സമീപനം മാറുന്നത് അദ്ദേഹം മാത്രമേ പാർട്ടിക്കുള്ളിൽ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് കൊണ്ട് ചോദ്യങ്ങൾ ചോദിക്കാനുള്ളൂ എന്ന് മനസ്സിലാക്കിയപ്പോഴാണ്. അത് ശരിയാണെന്ന് കാലം തെളിയിക്കുകയും ചെയ്‌തു. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. എന്നാൽ കേസിലെ പ്രതികളായ 65 ഓളം പേരെ സംരക്ഷിക്കണമെന്നായിരുന്നു പാർട്ടി നിലപാട്. പത്രക്കാർക്ക് വിതരണം ചെയ്ത കുറിപ്പിൽ പ്രമേയത്തിന്റെ ഒരു ഭാഗം മാത്രമാണ് പറഞ്ഞത്. എന്നാൽ അതിന്റെ പിന്നിലെ ഇക്കാര്യം പാർട്ടി മറച്ചു വെച്ചു. അത്തരം ഒരു അന്വേഷണം കൊണ്ട് യാതൊരു ഫലവുമില്ലെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അന്ന് രാത്രി മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു എന്നെ വിളിച്ചു. അദ്ദേഹം ഇടതുപക്ഷത്തിന് വേണ്ടി എല്ലാ കാലത്തും വാദിക്കുന്ന ഒരാളാണ്. പാർട്ടി നിലപാട് അദ്ദേഹത്തെ നിരാശനാക്കി. ഒരു ഇടതുപക്ഷ പാർട്ടിക്ക് എങ്ങനെ ഇത്തരത്തിൽ ആകാൻ കഴിയുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഇതാണ് അവസ്ഥയെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞുവെന്ന് അപ്പുക്കുട്ടൻ വള്ളിക്കുന്ന് വ്യക്തമാക്കി. കൊച്ചിയിൽ വെച്ച് സിപിഎമ്മിൽ സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ വിഎസ് അച്യുതാനന്ദൻ ഒരിക്കൽ ഇറങ്ങി പോകുന്ന സാഹചര്യമുണ്ടായി. സമ്മേളനത്തിനിടെ ഉയർന്ന വിമർശനങ്ങൾ കാരണമാണ് അദ്ദേഹം ഇറങ്ങി പോയെന്നാണ് എല്ലാരും പറഞ്ഞത്.
എന്നാൽ അങ്ങനെയല്ല, അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ടിപി വധക്കേസ് പ്രതികളെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ പാർട്ടി തയ്യാറാകണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. അതിന് തയ്യാറാകാതെ വന്നതോടെയാണ് അദ്ദേഹം ഇറങ്ങി പോയത്. ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. അന്നാണ് ഞാൻ ആദ്യമായി വിഎസ്സിനെ വിളിക്കുന്നത്. അദ്ദേഹം എന്നോട് കാര്യങ്ങളെല്ലാം പറഞ്ഞു. അന്ന് വൈകീട്ട് ഒരു ടിവി ചാനൽ ചർച്ചയിൽ പങ്കെടുത്തപ്പോൾ ഞാൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞു. ഇതോടെയാണ് ചർച്ചകൾ മാറിയത്. തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ പിണറായി വിജയനാണ് വിഎസ്സിനെ കരുവാക്കിയതെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് വെളിപ്പെടുത്തി.