സൂപ്പർ വൈസറെ മർദ്ദിച്ച സംഭവം അപലപനീയം: സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ

കോട്ടയം :  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രോഗിയെ ആക്രമിച്ച സെക്യൂരിറ്റി ഗാർഡിനെ ശാസിച്ച സൂപ്പർവൈസർക്കും അതേ ഗാർഡിൽ നിന്നും മർദ്ദനമേറ്റ  സംഭവം  അങ്ങേയറ്റം ഉത്കണ്ഠജനകവും  അപലപനീയവുമാണെന്ന് സെക്യൂരിറ്റി ജീവനക്കാരുടെ സംഘടനയായ സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ  പ്രമേയം പാസാക്കി.

ക്രിമിനൽ സ്വഭാവമുള്ള അപൂർവ്വം ചില സെക്യൂരിറ്റി ഗാർഡുകൾ ഇത്തരം നിയമവിരുദ്ധമായ പ്രവർത്തികൾ ചെയ്യുന്നത് തൊഴിലിനോട് ആത്മാർത്ഥതയും കൂറും പുലർത്തുന്ന മറ്റുള്ള സെക്യൂരിറ്റി ജീവനക്കാരുടെ കൂടി അന്തസ്സ് കളയുന്നുവെന്നും ഇത്തരം   സാമൂഹ്യവിരുദ്ധ  പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും  ഭാരവാഹികൾ പറഞ്ഞു.

ഏതൊരു സ്ഥാപനത്തിലും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കും സന്ദർശകർക്കും സുരക്ഷയും വഴികാട്ടിയായിയായും സഹായകരവുമായുള്ള പ്രാഥമിക കർത്തവ്യം സെക്യൂരിറ്റി ഗാർഡിൽ നിക്ഷിപ്തമാണെന്ന അടിസ്ഥാനതത്വം പോലും അറിയാത്ത ചുരുക്കം ചില സെക്യൂരിറ്റി ജീവനക്കാരാണ് ഇത്തരം പ്രശ്നങ്ങൾ നിരന്തരം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.  സെക്യൂരിറ്റി ജീവനക്കാർക്ക് മതിയായ പരിശീലനം നൽകാൻ സർക്കാർ തലത്തിലും പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസികളും ഒരേപോലെ മുൻകൈയെടുക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി  തുടർ നിയമ നടപടികൾ കൈക്കൊള്ളണമെന്നും കുറ്റം ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം  സർക്കാരിനോട് ആവശ്യപ്പെട്ടു. സെക്യൂരിറ്റി വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികളായ അഡ്വ. രാജേഷ് നെടുമ്പ്രം, പ്രഭാകുമാർ ചക്കുളം, സാംസൺ ഡാനിയൽ, പ്രീതാരാജ്, പ്രീതിബിനു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!