ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ഇന്ത്യാ സഖ്യത്തിന്റെ റാലിയില്‍ സംഘര്‍ഷം. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകളും കസേരകളും തകര്‍ത്തു. കസേരകള്‍ കൊണ്ട് തമ്മിലടിക്കുകയും ചെയ്തു. അക്രമാസക്തരായ പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് ഓടിച്ചത്.
എസ്പി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എത്തിയതിനു പിന്നാലെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ വേദിക്കരികിലേക്കെത്തി. എസ്പി നേതാക്കള്‍ ശാന്തരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല. ഇത് മൂന്നാം തവണയാണ് അഖിലേഷ് യാദവ് നയിക്കുന്ന റാലി അലങ്കോലപ്പെടുന്നത്
ലാല്‍ഗഞ്ച് ലോക്‌സഭ മണ്ഡലത്തിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടിയാണ് പൊതു റാലി സംഘടിപ്പിച്ചത്. ഇത്തവണ ലാല്‍ഗഞ്ചില്‍ ദരോഗ പ്രസാദിനെയാണ് ഇന്ത്യാ സഖ്യം സ്ഥാനാര്‍ത്ഥിയാക്കിയത്. മെയ് 25 ന് നടക്കുന്ന ആറാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്. നേരത്തെ പ്രയാഗ് രാജില്‍ ഇന്ത്യാ സഖ്യം സംഘടിപ്പിച്ച റാലി തിക്കും തിരക്കും മൂലം റദ്ദാക്കിയിരുന്നു. അഖിലേഷ് യാദവും രാഹുല്‍ഗാന്ധിയും പ്രസംഗിക്കാതെ സ്ഥലംവിടുകയും ചെയ്തിരുന്നു.