ശ്രീനഗർ: ജമ്മു കശ്മീരിലെ രണ്ടിടങ്ങളിലായി ഭീകരാക്രമണം. ബിജെപി നേതാവ് കൊല്ലപ്പെട്ടു. ദമ്പതികൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ഷോപിയാൻ, അനന്തനാഗ് എന്നീ ജില്ലകളിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭീകരാക്രമണങ്ങൾ ഉണ്ടായത്.
ഷോപിയാനിലെ ഹിർപോരയിൽ രാത്രി 10.30 ഓടെ ആയിരുന്നു ആദ്യ ആക്രമണം ഉണ്ടായത്. ബിജെപി നേതാവും മുൻ സർപഞ്ചും ആയി അയ്ജാസ് ഷെയ്ഖിന് നേരെയായിരുന്നു ഭീകരാക്രമണം. രാത്രി വഴിയരികിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്നു അയ്ജാസ് ഷെയ്ഖ്. ഇതിനിടെ വാഹനങ്ങളിൽ എത്തിയ ഭീകരർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇതിന് തൊട്ട് പിന്നാലെയായിരുന്നു അനന്തനാഗിലും ആക്രമണം ഉണ്ടായത്. ജയ്പൂരിൽ നിന്നുള്ള വിനോദസഞ്ചാരികളായ ഫർഹ, തബ്രേസ് എന്നിവർക്കാണ് പരിക്കേറ്റത്. വാഹനങ്ങളിൽ എത്തിയ ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഉടനെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനില മോശമായി തുടരുകയാണ്.
ഇരു സംഭവങ്ങളിൽ സുരക്ഷാ സേന ഊർജ്ജിത അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇരു പ്രദേശങ്ങളും വളഞ്ഞു. ജനങ്ങളോട് ജാഗ്രത പാലിക്കാനാണ് നിർദ്ദേശം.