പാലക്കാട് : ഉഷ്ണതരംഗം കണക്കിലെടുത്ത് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ പാലക്കാട് ജില്ലാ കളക്ടർക്ക് നിർദ്ദേശം.
ചൂട് വർദ്ധിക്കുന്നതിന്റെയും ഉഷ്ണതരംഗത്തിന്റെയും സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസം ചൂട് വർദ്ധിക്കുന്നതിനെ തുടർന്ന് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ഗർഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാർഡുകളിൽ പ്രത്യേക ശ്രദ്ധ പുലർത്താനും നിർദ്ദേശമുണ്ട്. ഇത്തരം വാർഡുകളിൽ ചൂട് കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങൾ കൂടുതലായി ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സാമനമായ നിലയിൽ വയോജന കേന്ദ്രങ്ങളിലും ചൂട് കുറയ്ക്കാനുള്ള ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലയൊട്ടാകെ തണ്ണീർ പന്തലുകൾ ഒരുക്കണമെന്നും പകൽ 11 മുതൽ മൂന്ന് വരെ എല്ലാ പുറംവിനോദങ്ങളും ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ പാലക്കാട് ജില്ലയിൽ അതി രൂക്ഷമായ ചൂടാണ് അനുഭവപ്പെടുന്നത്. പകൽ താപനില 41 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.