ഛിന്നഗ്രഹങ്ങളെ കണ്ടെത്തി ശ്രദ്ധേയനായി മലയാളി വിദ്യാര്‍ത്ഥി;
ശ്രേയസ്‌കരം ഈ നേട്ടം


കോട്ടയം: സ്‌കൂള്‍ തലത്തില്‍ ഛിന്ന ഗ്രഹങ്ങളെക്കുറിച്ചൊക്കെ വിശദമായി പഠിക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ തന്നെ ഛിന്ന ഗ്രഹങ്ങളെ കണ്ടെത്തി ശാസ്ത്ര പ്രതിഭ തെളിയിച്ചിരിക്കുകയാണ് പന്ത്രണ്ടുകാരനായ ശ്രേയസ് ഗിരീഷ്.

ഛിന്ന ഗ്രഹങ്ങളെ കണ്ടെത്തിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതിയും ഈ മലയാളി ബാലന് സ്വന്തം. വൈക്കം ചെമ്പ് സ്വദേശികളായ ഗിരീഷ് തെക്കേച്ചിറ-ചിഞ്ചു ദമ്പതികളുടെ മകനാണ് ശ്രേയസ്സ്. ഈ നേട്ടത്തോടെ ഗിന്നസ് റെക്കോര്‍ഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് ശ്രേയസ്.

ഗിന്നസ് റെക്കോര്‍ഡ് വിജയിയായുള്ള പ്രഖ്യാപനം ഇന്നലെയായിരുന്നു.
ജ്യോതിശാസ്ത്രം പോലുള്ള ശാസ്ത്ര വിഷയങ്ങളില്‍ അതീവ തല്‍പ്പരനാണ് ശ്രേയസ്സ്. അമേരിക്കയുടെ ബഹിരാകാശ പര്യവേഷണ സ്ഥാപനമായ നാസയുടെ ഓരോ പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടനായി. നാസ കൂടി പങ്കാളിയായ ക്യാമ്പയിനിലാണ് ഛിന്ന ഗ്രഹങ്ങളെ കണ്ടെത്തിയത്.

നാസയുടെ മില്‍ക്കി വേ എക്‌സ്‌പോളര്‍ ടീം അംഗമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഛിന്ന ഗ്രഹങ്ങളെ ശ്രേയസ്സ് കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ തുടങ്ങിയ ഓണ്‍ലൈന്‍ ക്യാമ്പയിനില്‍ ഫെബ്രുവരി 5 മുതല്‍ 29 വരെ നടത്തിയ റിസര്‍ച്ചിലാണ് നേട്ടം കൈവരിച്ചത്. 

കൊവിഡ് കാലത്താണ് ഓണ്‍ലൈനായി നാസയുടെ ഇ-റിസര്‍ച്ച് ടീമില്‍ അംഗത്വം നേടുന്നത്. തുടര്‍ന്ന് 2022ല്‍ നാസയുടെ സിറ്റിസണ്‍ സയന്റിസ്റ്റുമായി. നാസ കണ്ടുപിടിച്ച ഒരു നക്ഷത്രത്തിന് പേരിടാനുള്ള ഭാഗ്യവും ശ്രേയസ്സിനുണ്ടായി. ജിഎസ്‌സി ഷൈനി 58119 എന്ന പേരാണ് നല്കിയത്. നാസയുടെ ഇ-റിസര്‍ച്ച് ടീം ലീഡറാണിപ്പോള്‍. ശാസ്ത്രജ്ഞനാവുക എന്നതാണ് ആഗ്രഹം.

കൊച്ചി ജെംസ് മോഡേണ്‍ അക്കാദമിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രേയസ്സ്.  ഫുട്‌ബോള്‍ കളിച്ചപ്പോള്‍ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഒരുവര്‍ഷം ക്ലാസില്‍ പോകാന്‍ സാധിച്ചിരുന്നില്ല. പക്ഷേ അതൊന്നും ശാസ്ത്രാന്വേഷണത്തെ തെല്ലും ബാധിച്ചില്ല. ഏഴുമാസക്കാരി ശ്രേയയാണ് സഹോദരി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!