ജേക്കബ് തോമസിനെതിരായ കേസ്: അന്വേഷണം നീളുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രിംകോടതി



ന്യൂഡൽഹി : മുന്‍ ഡി.ജി.പി ജേക്കബ് തോമസ് പ്രതിസ്ഥാനത്തുള്ള ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ അന്വേഷണം നീളുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി.

അന്തിമറിപ്പോര്‍ട്ട് നല്‍കാന്‍ സമയം പലതവണ നീട്ടി നല്‍കിയതല്ലേയെന്നും കോടതി ചോദിച്ചു.

കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കവെയാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.

കേസില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു മാസം കൂടി സമയം നീട്ടി നല്‍കി.

കേസിലെ നിര്‍ണ്ണായകമായ ഒരു രേഖ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ചയും സുപ്രിംകോടതിയില്‍ അറിയിച്ചു.

സംസ്ഥാന തുറമുഖ വകുപ്പിന്റെ ഡയറക്ടര്‍ പദവിയിലിരിക്കുമ്പോള്‍ വിദേശ കമ്പനിയില്‍ നിന്നു ഡ്രഡ്ജര്‍ വാങ്ങിയ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് 20 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ജേക്കബ് തോമസിനെതിരായ ആരോപണം.

അതേസമയം, തനിക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ജേക്കബ് തോമസിന്റെ വാദം.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തിരിക്കുമ്പോള്‍ ഉന്നതരായ വ്യക്തികള്‍ക്കെതിരെ അന്വേഷണം നടത്തി കേസെടുത്തിന്റെ പേരിലുള്ള പകപോക്കലാണ് തനിക്കെതിരായ ആരോപണങ്ങളെന്നാണ് ജേക്കബ് തോമസ് സുപ്രിംകോടതിയില്‍ മുന്‍പ് നല്‍കിയ സത്യവാങ്മൂലത്തിലും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!