കാസ നയപ്രഖ്യാപന സമ്മേളനം നടന്നു ;
പിണറായിക്ക് കേരളത്തെ കൊള്ളയടിക്കാമെന്ന
ദുഷ്ടലാക്ക് : പി.സി.ജോര്‍ജ്ജ്

കോട്ടയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എസ്ഡിപിഐയും പോപ്പുലര്‍ഫ്രണ്ട് സെറ്റ് ചേര്‍ന്ന് ഭൂരിപക്ഷമുണ്ടാക്കി ഇനിയും കേരളത്തെ കൊള്ളയടിക്കാമെന്ന ദുഷ്ടബുദ്ധിയോടെയാണ് പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പി.സി. ജോര്‍ജ്ജ്.

കാസയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന ക്രിസ്ത്യന്‍ നയപ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദൈവം ഇതെല്ലാം കാണുന്നുണ്ട്. അധികം താമസിക്കാതെ സെന്‍ട്രല്‍ ജയിലില്‍ അച്ഛനും മകളും കിടക്കുമെന്ന കാര്യം ഉറപ്പാണ്. നാലര ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ കടം. കടബാധ്യത ഏറെയായ ശ്രീലങ്കയില്‍ കലാപമുണ്ടായി. അന്‍പത്തോരായിരം കോടി കിട്ടാനുണ്ടെന്നാണ് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. തുടര്‍ന്ന് ദല്‍ഹിയില്‍ പോയി സമരവും നടത്തി.

നാലര ലക്ഷം കോടി കടമുള്ളിടത്ത് അന്‍പത്തോരായിരം കിട്ടിയിട്ടെന്തു കാര്യം. യഥാര്‍ത്ഥത്തില്‍ കേരളത്തിന് കിട്ടാനുള്ളത് 3100 കോടിയാണ്. മറ്റു സംസ്ഥാനങ്ങളുടെ കണക്കെടുത്ത് നോക്കുമ്പോള്‍ ഏറ്റവും അധികം കടം ലഭിച്ചിരിക്കുന്നത് സംസ്ഥാനമാണ് കേരളം.

ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഈ വര്‍ഷം മാത്രം മുപ്പതിനായിരത്തോളം ചെറുപ്പക്കാരാണ് മറ്റുരാജ്യങ്ങളിലേക്ക് പോയിരിക്കുന്നത്. ഇതു കേള്‍ക്കുമ്പോള്‍ പിണറായി വിജയന്‍ ചിരിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ കിട്ടാതായിട്ട് ആറുമാസമായി. ഇപ്പോള്‍ ധനകാര്യമന്ത്രി പറയുന്നത് രണ്ട് മാസത്തെ കൊടുക്കുന്നതിനെകുറിച്ച് ആലോചിക്കാമെന്നാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചേരുന്നതാണ് കേരളത്തിന് നല്ലത്. അല്ലെങ്കില്‍ നമ്മള്‍ പട്ടിണികിടക്കേണ്ടി വരുമെന്ന് ഉറപ്പാണ്. പിണറായി ഗവണ്‍മെന്റ് കിറ്റ് ഗവണ്‍മെന്റാണ്. കേന്ദ്രം നല്കിയ സാധനങ്ങൾ കിറ്റായി നല്കി വോട്ടുപിടിച്ചാണ് അധികാരത്തില്‍ എത്തിയത്.

കമ്മ്യൂണിസ്റ്റുകളുമായി ചേരാന്‍ പാടില്ലെന്ന പറഞ്ഞ കെ.എം. മാണിയുടെ മകന്‍ ഇപ്പോള്‍ പിണറായി വിജയനൊപ്പം നിന്ന് ചെവികടിച്ചുപറിക്കുകയാണ്. 20 പേരെ എംപിമാരായി തെരഞ്ഞെടുത്തുവിട്ടിട്ട് കേരളത്തിന് എന്ത് നേട്ടമാണ് ഉണ്ടായത്. സഭയുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ ആരാണുള്ളത്. രാഷ്ട്രീയരംഗത്ത് ക്രൈസ്തവ സമുദായം ഇപ്പോള്‍ ഒന്നുമല്ലാതായി. മുസ്ലീം സമുദായത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കൊടുക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല.

എന്നാല്‍ അതിനൊപ്പം ക്രൈസ്തവ സമുദായത്തിനും അര്‍ഹതപ്പെട്ടത് കൊടുക്കാന്‍ തയ്യാറാകണം. പോപ്പുലര്‍ ഫ്രണ്ടുകാരുനും, എസ്ഡിപിഐക്കാരനും രാജ്യത്തെ വിഘടിപ്പിക്കാന്‍ നില്‍ക്കുന്ന പാക്കിസ്ഥാന്‍ പക്ഷത്ത് നിന്ന് ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വര്‍ക്കും ആനുകൂല്യം കൊടുക്കുകയാണ്. കൊടുക്കട്ടെ, അവരും നന്നാവുന്നെങ്കില്‍ നന്നാവട്ടെ.  പക്ഷേ, രാജ്യത്തിന് വേണ്ടി പോരാടാന്‍ തയ്യാറുള്ള ക്രൈസ്തവ സമുദായത്തിന് ഒന്നും ഇല്ലായെന്നുളളത് അംഗീകരിക്കാ നാവില്ലെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.

കാസ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജിയോ മേനാച്ചേരി നയപ്രഖ്യാപന പ്രമേയാവതരണം നടത്തി. കോട്ടയം ജില്ലാ സെക്രട്ടറി അലക്‌സ് തോമസ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജേക്കബ് നെല്‍സണ്‍, അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, ടോജോ തോമസ്, ജോമേഷ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!