ആലപ്പുഴ: കുട്ടനാട്ടിൽ കടബാദ്ധ്യതയെയും കൃഷി നഷ്ടത്തെയും തുടർന്ന് ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്. തകഴി സ്വദേശി പ്രസാദിന്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. വായ്പയുടെ കുടിശ്ശിക അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
പ്രസാദിന്റെ ഭാര്യ ഓമനയുടെ പേരിലാണ് ജപ്തി നോട്ടീസ്. പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കോർപ്പറേഷനിൽ നിന്നും ഓമന 2022 ഓഗസ്റ്റിൽ 60,000 രൂപ സ്വയം തൊഴിൽ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടച്ചില്ലെന്ന് കാട്ടിയാണ് നോട്ടീസ്.
60,000 ൽ 15,000 രൂപ ഓമന തിരിച്ചടച്ചിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് പിന്നീട് അത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. കുടിശ്ശിക ഇനത്തിൽ ഇനി 17,600 രൂപയാണ് അടയ്ക്കാൻ ഉള്ളത്. ഇത് അഞ്ച് ദിവസത്തിനുള്ളിൽ കോർപ്പറേഷനിൽ തിരിച്ച് അടച്ചില്ലെങ്കിൽ വീടും സ്ഥലവും ജപ്തിചെയ്യുമെന്നാണ് നോട്ടീസിലെ നിർദ്ദേശം. വീടും അഞ്ച് സെന്റ് സ്ഥലവുമാണ് ഇവർക്കുള്ളത്.
കഴിഞ്ഞ വർഷം നവംബർ 11 നായിരുന്നു കടബാദ്ധ്യതയെ തുടർന്ന് പ്രസാദ് ആത്മഹത്യ ചെയ്തത്. പാട്ടത്തിനെടുത്ത മൂന്നര ഏക്കർ സ്ഥലത്ത് വളമിടാൻ ബാങ്കിൽ നിന്നും പ്രസാദ് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ ഇത് ലഭിച്ചില്ല. ഇതേ തുടർന്ന് കൃഷി പ്രതിസന്ധിയിൽ ആയതിനെ തുടർന്നായിരുന്നു ആത്മഹത്യ. മരണത്തിന് പിന്നാലെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പ്രസാദിന്റെ വീട്ടിൽ എത്തി സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജപ്തി നോട്ടീസ്.