കൊച്ചി : ബസ് ഓടേണ്ട റൂട്ടാണ് എന്ന് തോന്നിയാല്‍ ഇക്കാര്യം മോട്ടോര്‍ വാഹനവകുപ്പിന് അറിയിക്കാന്‍ അവസരം. പുതിയ ബസ് റൂട്ടുകള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് സമഗ്ര സര്‍വേ നടത്താന്‍ ഒരുങ്ങുകയാണ് വാഹനവകുപ്പ്.
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് അധികൃതര്‍ സര്‍വേ നടത്താന്‍ ഒരുങ്ങുന്നത്. ഇതുവരെ ബസ് ഓടാത്ത റൂട്ടുകളിലും സര്‍വീസ് നിന്ന് പോയ റോഡുകളിലും പുതുതായി നിര്‍മിച്ച റോഡുകളിലും തുടങ്ങേണ്ട ബസ് റൂട്ടുകള്‍ ജനങ്ങള്‍ക്ക് സര്‍വേയിലൂടെ നിര്‍ദേശിക്കാം. സൗകര്യമുള്ള എല്ലാ റോഡുകളിലും പൊതുഗതാഗത സൗകര്യം ലഭ്യമാക്കണമെന്നാണ് ഗതാഗതമന്ത്രിയുടെ നിര്‍ദേശം.
ആവശ്യമെങ്കില്‍ നിലവിലുള്ള റൂട്ടുകളില്‍ പുനഃക്രമീകരണം നടത്താനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ പുതുതായി തുടങ്ങേണ്ട ബസ് റൂട്ടുകളുടെ വിവരങ്ങള്‍ kl07.mvd@kerala.gov.in എന്ന മെയില്‍ വഴി ജനങ്ങള്‍ക്ക് നിര്‍ദേശിക്കാമെന്ന് എറണാകുളം ആര്‍ടിഒ ജി അനന്തകൃഷ്ണന്‍ അറിയിച്ചു. പുതിയ സര്‍വീസുകള്‍ക്ക് സാധ്യതയുള്ളയിടങ്ങളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.
കൂടുതല്‍ യാത്രക്കാരുള്ള റൂട്ടുകളില്‍ സര്‍വീസ് നടത്താതെ ചില റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ആളില്ലാതെ സര്‍വീസ് നടത്തുന്നതായി പരാതികളുണ്ട്. യാത്രക്കാരെ ലഭിക്കുന്ന റൂട്ടുകളില്‍ കെഎസ്ആര്‍ടിസിയുടെ ചെറിയ ബസുകള്‍ ഓടിക്കാനാണ് തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി.
ബസ് ഓടേണ്ട റൂട്ട് ആണ് എന്ന് തോന്നുന്നുണ്ടോ?; ജനങ്ങള്‍ക്കും ഇനി അറിയിക്കാം…
