കൊല്ലത്ത് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി ഫെബിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കുത്തേറ്റശേഷം രക്ഷപ്പെടാന്‍ ഫെബിന്‍ വീടിന് പുറത്തേയ്ക്ക് ഓടുന്നതും റോഡില്‍ കുഴഞ്ഞുവീഴുന്നതുമാണ് വീഡിയോയിലുള്ളത്. ഇത് കണ്ട് സമീപവാസികള്‍ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം.
നെഞ്ചില്‍ രണ്ടിടങ്ങളിലായി ഫെബിന് ആഴത്തില്‍ കുത്തേറ്റിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് 22കാരനായ തേജസ് രാജു വാഗൺ ആർ കാറിൽ ഫെബിന്റെ വീട്ടിലേക്കെത്തിയത്. കയ്യിൽ കത്തി കരുതിയിരുന്ന തേജസ് ബുർഖ ധരിച്ച ശേഷം വീട്ടുമുറ്റത്തേക്ക് എത്തിയത്. രണ്ട് കുപ്പി പെട്രോളും തേജസ് കയ്യിൽ കരുതിയിരുന്നു.
ഫെബിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നാണ് വിവരം. ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേക്കിറങ്ങി വന്നതോടെയാണ് പെട്രോൾ ഒഴിക്കാനുള്ള തീരുമാനം മാറ്റിയത്. ഉടൻ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഫെബിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിനും ആക്രമണത്തിൽ പരിക്കേറ്റു.