“സമരം ചെയ്യുന്നവരെ പിരിച്ചുവിട്ടാല്‍ കേന്ദ്രഫണ്ട് തടയും, പ്രധാനമന്ത്രിയെ വിവരം അറിയിക്കും”: ആശാ വര്‍ക്കര്‍മാരെ കണ്ട് സുരേഷ് ഗോപി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വർക്കർമാരെ സന്ദർശിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി.

സംസ്ഥാന സർക്കാർ ചെയ്യുന്നത് പോലെ കേന്ദ്രത്തിനും അതിന്റേതായ നടപടികള്‍ ചെയ്യാനുണ്ടെന്നും ആ നടപടികളിലേക്ക് കടക്കണമെന്ന് പ്രധാനമന്ത്രിയെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ആശാ വർക്കർമാരെ കണ്ട് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കില്‍ ഇത് വിഭാജനം ചെയ്ത് സ്ഥാപിതമാകുന്ന കാലത്ത് ചില മാനദണ്ഡങ്ങള്‍ ഉണ്ടാവും. ആ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കാബിനേറ്റും തീരുമാനിച്ച്‌ നടപടി സ്വീകരിക്കും. അത് സമരപ്രഖ്യാപനമായിരിക്കില്ല”.

“ഏതെങ്കിലും ഒരു രാഷ്‌ട്രീയത്തിന്റെ കോപ്പറേറ്റീവ് സംവിധാനത്തെ മാത്രം താഴ്‌ത്തിക്കാണേണ്ടതില്ല. ആശാ വർക്കാർമാർക്ക് അരക്ഷിതാവസ്ഥ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും അറിയിക്കും”.

ഞാൻ സമരത്തിന്റെ ഭാഗമല്ല. സമരം ചെയ്യുന്നവരെ കാണാനാണ് വന്നത്. അവരുടെ പ്രശ്നങ്ങള്‍ എത്തിക്കേണ്ടിടത്ത് എത്തിക്കും. സമരം ചെയ്യുന്ന ആശാ വർക്കർമാരെ പിരിച്ചുവിടാൻ സർക്കാർ നടപടി എടുത്താല്‍ കേന്ദ്രഫണ്ട് തടയുമെന്നും സുരേഷ് ഗോപി പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!