കോട്ടയം : വയോധികയെ മർദ്ദിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത യുവാവിനെ ഞൊടിയിടയിൽ പിടികൂടി കോട്ടയം ഗാന്ധിനഗർ പോലീസ്. ഗാന്ധിനഗർ ആറാട്ടുകടവ് ഭാഗത്ത് മറ്റത്തിൽ വീട്ടിൽ ഗോവിന്ദ് ദാസ് (19) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്ന് വൈകിട്ട് 3:30 മണിയോടുകൂടി ഗാന്ധിനഗർ ഭാഗത്തെ ഫെഡറൽ ബാങ്കിന്റെ പുറകുവശത്തെ റോഡിലൂടെ വരികയായിരുന്ന 70 വയസ്സ് പ്രായമുള്ള വയോധികയെ മർദ്ദിച്ച് കഴുത്തിൽ ഉണ്ടായിരുന്ന രണ്ടു പവനോളം തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത് കടന്നുകളയുകയായിരുന്നു.
വിവരമറിഞ്ഞ് ഗാന്ധിനഗർ പോലീസ് എസ്.എച്ച്. ഓ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ശക്തമായ തിരച്ചിലിൽ ആർപ്പൂക്കര ആറാട്ട് കടവ് ഭാഗത്ത് വച്ച് ഇയാളെ പിടികൂടുകയായിരുന്നു. എസ്.എച്ച്.ഓ ടി.ശ്രീജിത്ത്, എസ്.ഐ അനുരാജ്, സി.പി.ഓ മാരായ രഞ്ജിത്ത്, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.