ന്യൂഡല്‍ഹി: ബിഹാറില്‍ മഖാന ബോര്‍ഡ് പ്രഖ്യാപിച്ചത് കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു. എന്താണ് മഖാന? ഇതെങ്ങനെ ഇന്ത്യയ്ക്ക് പ്രിയപ്പെട്ടതായി? സസ്യാഹാരികളുടെ പ്രോട്ടീനാണ് മഖാന എന്ന പേരിലറിയപ്പെടുന്ന താമരവിത്ത്. കുറച്ച് കാലങ്ങളായി ഫിറ്റ്നസ് പ്രേമികളുടെ അടുക്കളകളിലെ സ്ഥിരം വിഭവമാണിത്.
മഖാന സൂപ്പര്‍മാര്‍ക്കറ്റിലടക്കം സാധാരണയായി കാണുന്നു. ഫ്ലേവര്‍ ചേര്‍ത്തും ഫ്ലേവര്‍ ചേര്‍ക്കാതെയും മഖാന ലഭിക്കും. പോഷകങ്ങളാല്‍ സമ്പുഷ്ടമായ മഖാന നിരവധി ആരോഗ്യഗുണങ്ങള്‍ കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്.മഖാനയില്‍ കാത്സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി വളരെ കുറവാണ് എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി മഖാന കഴിക്കാം. ഇതിലെ ഫൈബര്‍ വിശപ്പ് നിയന്ത്രിക്കും.
മഖാനയില്‍ പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറവാണ്. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിനും നല്ലതാണ്. മഖാനയില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം ക്രമീകരിക്കാനും മലബന്ധം തടയാനും സഹായിക്കും
പ്രോട്ടീന്‍ മാത്രമല്ല കാര്‍ബോഹൈഡ്രേറ്റ് ഫൈബര്‍ പൊട്ടാസ്യം മഗ്നീഷ്യം ഇരുമ്പ് തുടങ്ങിയത് ധാതുക്കള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ഭക്ഷണമാണിത്. കോശങ്ങളുടെ നാശത്തില്‍ നിന്നും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ധാരാളമായി മഖാനയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഖാന കഴിക്കുന്നത് നിങ്ങളെ യുവത്വത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ബ്രോക്കറേജ് സ്ഥാപനമായ സെറോദയുടെ സഹസ്ഥാപകവും സംരഭകനുമായ നിഖില്‍ കാമത്ത് ഇന്ത്യയുടെ ഏറ്റവും വലിയ ആഗോള കയറ്റുമതിയായി മഖാന മാറുമെന്ന് പ്രവചിച്ചിരുന്നു. അടുത്തിടെയാണ് ഇദ്ദേഹം മഖാനയുമായി ബന്ധപ്പെട്ട പോസ്റ്റ് എക്സില്‍ പങ്കുവെച്ചത്.