തൃശൂർ : യുവാവിനെ തേൻകെണിയിൽ കുടുക്കി സ്വർണവും പണവും ഉൾപ്പെടെ തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വലപ്പാട് ബീച്ച് ഇയ്യാനി ഹിമ ( 25), കരയാമുട്ടം ചിക്കവയലിൽ സ്വാതി (28), ചാമക്കാല ഷിബിൻ നൗഷാദ് എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടിക ബീച്ച് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.
ഫോണിലൂടെയാണ് യുവതികൾ പരാതിക്കാരനായ യുവാവിനെ പരിചയപ്പെടുന്നത്. ഡിസംബർ 23ന് രാത്രി ഒമ്പത് മണിയോടെ യുവതികൾ യുവാവിനെ തൃപ്രയാറുള്ള ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെയെത്തിയ യുവാവിനെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭീഷണിപ്പെടുത്തി 5000 രൂപയും ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിലണിഞ്ഞിരുന്ന മാലയും തട്ടിയെടുത്തു എന്നാണ് യുവാവിന്റെ പരാതി. യുവതികളുടെ സഹായികളായി ഷിബിൻ നൗഷാദും മറ്റൊരാളുമുണ്ടാ യിരുന്നു. ഇവർ തന്നെ മർദ്ദിച്ചെന്നും യുവാവ് പരാതിയിൽ പറയുന്നു.
പണവും സ്വർണവും മൊബൈൽ ഫോണും കവർന്ന് ലോഡ്ജ് വിട്ട പ്രതികളെ യുവാവ് പിന്തുടർന്നു. കവർന്ന സാധനങ്ങൾ തിരിച്ചുചോദിച്ച തന്നെ പ്രതികൾ വീണ്ടും മർദിച്ചെന്നും യുവാവ് പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ച് യുവാവ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്. അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ എം.കെ. രമേശ്, എസ്.ഐ എബിൻ, എ.എസ്.ഐ റംല, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പ്രബിൻ, മനോജ്, സുമി എന്നിവരാണുണ്ടായിരുന്നത്. ഒരു പ്രതികൂടി പിടിയിലാകാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
സ്വാതിയും ഹിമയും യുവാവിനെ പരിചയപ്പെട്ടത് ഫോണിലൂടെ; തൃപ്രയാർ തേൻകെണി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…
