സീതാറാം യെച്ചൂരിയുടെ നില അതീവ ഗുരുതരം; എം.വി ഗോവിന്ദൻ ഡൽഹിയിലേക്ക്

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മോശമായി തുടരുന്നു. എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ കാണാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് ഡൽഹിയിൽ എത്തും. ശ്വാസകോശ അണുബാധയാണ് സീതാറാം യെച്ചൂരിയെ ബാധിച്ചിട്ടുള്ളത്.

നിലവിൽ വെന്റിലേറ്ററിലാണ് യെച്ചൂരി. അദ്ദേഹത്തിന് ശ്വാസ തടസ്സം അനുഭവപ്പെടുന്നുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അദ്ദേഹത്തെ ഡോക്ടർമാരുടെ വിദഗ്ധസംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സിപിഎം പ്രസ്താവനയിൽ അറിയിച്ചു.

കടുത്ത പനിയും ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 19 നായിരുന്നു സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുൻപ് അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ആരോഗ്യനില വഷളായി. ഇപ്പോഴും സമാന അവസ്ഥയിൽ ആരോഗ്യനില തുടരുന്ന പശ്ചാത്തലത്തിലാണ് എംവി ഗോവിന്ദൻ ഡൽഹിയിൽ എത്തി അദ്ദേഹത്തെ കാണുന്നത്.

ഡൽഹിയിൽ ഉള്ള സിപിഎം നേതാക്കളുമായി അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം അറിയിച്ചു. 2015 ലാണ് യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!