മുന്‍ ഇന്ത്യന്‍ കോച്ച് അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ് (71) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയവെ വഡോദരയിലെ ഭൈലാല്‍ അമീന്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 1975നും 1987നും ഇടയില്‍ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ഗെയ്ക്വാദ് കളിച്ചു. രണ്ട് തവണ ഇന്ത്യയുടെ പരിശീലകനുമായിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 40ന് മുകളില്‍ ശരാശരിയുണ്ടായിരുന്ന താരം 12000 റണ്‍സ് നേടിയിരുന്നു. 34 സെഞ്ച്വറികളും 47 അര്‍ധസെഞ്ച്വറികളും അതില്‍ ഉള്‍പ്പെടും. 1982-ല്‍ വിരമിച്ച ശേഷം, ഗെയ്ക്വാദ് പരിശീലന രംഗത്തേക്ക് ചുവടുവെക്കുകയും 1997-99 വരെയുള്ള രണ്ട് വര്‍ഷത്തെ കാലയളവില്‍ പുരുഷ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 2018-ല്‍, ബി.സി.സി.ഐയുടെ കേണല്‍ സികെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.

അടുത്തിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് അദ്ദേഹത്തിന്റെ ചികിത്സ ചിലവിന് ബിസിസിഐയോട് സഹായം തേടിയിരുന്നു. ഒരു വര്‍ഷമായി ലണ്ടനിലെ കിംഗ്സ് കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികില്‍സാച്ചെലവ് താങ്ങാനാവാതെ ഗെയ്ക്വാദും കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നറിഞ്ഞപ്പോഴായിരുന്നു സഹായ അഭ്യര്‍ത്ഥന. തുടര്‍ന്ന് ബിസിസിഐ ഗെയ്ക്വാദിന്റെ ചികിത്സക്കായി ഒരുകോടി രൂപ സഹായധനം നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!