ന്യൂഡല്‍ഹി : വസ്തുവകകള്‍ വാങ്ങുമ്പോള്‍ ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്ന സംസ്ഥാനങ്ങളെ നിരക്ക് കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സ്ത്രീകള്‍ വാങ്ങുന്ന വസ്തുവകകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്നും അവര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ബജറ്റ് അവതരണ വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
‘ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്നത് തുടരുന്ന സംസ്ഥാനങ്ങളെ സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കും. കൂടാതെ സ്ത്രീകള്‍ വാങ്ങുന്ന വസ്തുവകകള്‍ക്കുള്ള തീരുവ കുറയ്ക്കുന്നതും പരിഗണിക്കും. ഈ പരിഷ്‌കാരം നഗരവികസന പദ്ധതികളുടെ അനിവാര്യ ഘടകമാക്കും,’- സീതാരാമന്‍ പറഞ്ഞു.
സ്റ്റാമ്പ് ഡ്യൂട്ടി എന്നത് സംസ്ഥാന സര്‍ക്കാരുകള്‍ സ്വത്ത്/വസ്തു വില്‍ക്കുമ്പോള്‍ ചുമത്തുന്ന നികുതിയാണ്. 1899ലെ ഇന്ത്യന്‍ സ്റ്റാമ്പ് ആക്റ്റിന്റെ സെക്ഷന്‍ 3 പ്രകാരം ഇത് നല്‍കേണ്ടതാണ്. വില്‍പ്പത്രം, ഇഷ്ടദാനം തുടങ്ങിയവയിലുടെ ഒരു വസ്തു സമ്പാദിച്ചാല്‍ രജിസ്‌ട്രേഷന്‍ സമയത്ത് ഡ്യൂട്ടി അടയ്‌ക്കേണ്ടതാണ്. സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം, വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് ഫണ്ട് കണ്ടെത്തുന്നതിനുള്ള പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് സ്റ്റാമ്പ് ഡ്യൂട്ടി.