‘ഉയിര് പോകാതിരുന്നത് ഭാഗ്യം’; കെ സുധാകരനെ അപായപ്പെടുത്താന്‍ വീട്ടില്‍ കൂടോത്രം

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരനെ അപായപ്പെടുത്താനാണ് നടാലിലെ വീട്ടില്‍ കൂടോത്രം നടത്തിയതെന്ന ആരോപണം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ കണ്ണൂര്‍ നടാലിലെ വസതിയില്‍ നിന്ന് നിരവധി വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.

എംപിയെന്ന നിലയില്‍ പൊലീസ് സുരക്ഷയുള്ള ഈ വീടിന്റെ കന്നിമൂലയില്‍ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കള്‍ പുറത്തെടുത്തത്. അതിനിടെ കെ സുധാകരന്റെ കണ്ണൂരിലെ വസതിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണമാണ് പുറത്തുവന്നത്. ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷന്റെ ഇരിപ്പിടത്തിനടിയിലും പേട്ടയിലെ മുന്‍ താമസ സ്ഥലത്തിനും പുറമേ ഡല്‍ഹിയിലെ നര്‍മ്മദ ഫ്‌ലാറ്റില്‍ നിന്നും തകിടുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവം വിവാദമായെങ്കിലും കെ സുധാകരന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒന്നര വർഷം മുൻപത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!