ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

കൊച്ചി : എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നതിനായി മൂന്നുതവണ ചര്‍ച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍. അവസാനചര്‍ച്ച ജനുവരി രണ്ടാംവാരത്തില്‍ ഡല്‍ഹിയില്‍ വച്ചായിരുന്നെന്നും സിപിഎം നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണ് ജയരാജൻ പിന്‍മാറിയതെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശോഭ പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ ബിജെപിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനായുള്ള മെമ്പര്‍ഷിപ് ഡ്രൈവിന്റെ അഖിലേന്ത്യാ തലത്തിലെ കോ-കണ്‍വീനറായി താന്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് കേരളത്തിലെ കോണ്‍ഗ്രിസിലെയും സിപിഎമ്മിലെയും പല നേതാക്കളുമായി ബന്ധപ്പെട്ടത്. ഇപി ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി. മൂന്നാമത്തേതും അവസാനത്തേതുമായ റൗണ്ട് ജനുവരി രണ്ടാം വാരത്തില്‍ ന്യൂഡല്‍ഹിയിലാണ് നടന്നതെന്നും ശോഭ പറഞ്ഞു.

പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് അദ്ദേഹം പിന്‍വാങ്ങിയതെന്ന് താന്‍ കരുതുന്നുവെന്ന് ശോഭ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനൊപ്പമാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. നന്ദകുമാര്‍ തന്നെയാണ് വിവരങ്ങള്‍ പിണറായി വിജയന് ചോര്‍ത്തി നല്‍കിയതെന്ന് താന്‍ കരുതുന്നു. രണ്ടുവശത്തും നിന്ന് പണം വാങ്ങുകയായിരുന്നു നന്ദകുമാറിന്റെ ശ്രമം. അദ്ദേഹം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ പണം നല്‍കി ആളുകള്‍ക്ക് പദവി നല്‍കുന്ന പാര്‍ട്ടിയല്ല ബിജെപിയെന്നും താന്‍ പറഞ്ഞിരുന്നു.

ജയരാജനുമായി പാര്‍ട്ടി നേതൃത്വം നടത്തുന്ന നേരിട്ടുള്ള ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ശോഭ പറഞ്ഞു. ആദ്യതവണ നന്ദകുമാറിന്റെ വീട്ടില്‍ വച്ചാണ് ജയരാജനെ കണ്ടത്. നന്ദകുമാറിനൊപ്പമാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയതെന്നും താന്‍ മറ്റൊരുവിമാനത്തിൽ അവിടെ എത്തുകയായിരുന്നെന്നും ശോഭ പറഞ്ഞു.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിരവധി നേതാക്കളെ താന്‍ കണ്ടിരുന്നതായി ശോഭ പറയുന്നു. ആലപ്പുഴയില്‍ ശക്തമായ ത്രികോണമത്സരം നടക്കുന്നതിനിടെ തന്നെ തോല്‍പ്പിക്കാന്‍ നന്ദകുമാര്‍ സിപിഎമ്മുമായി കൂട്ടുണ്ടാക്കുകയും തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും തുടങ്ങിയതോടെയാണ് ഇക്കാര്യം പുറത്തുപറയാന്‍ തയ്യാറായത്.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് തനിക്കെതിരെ കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയതായി ഒരു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടു. തെറ്റായ വാര്‍ത്ത നല്‍കിയത് തന്നെ വേദനിപ്പിച്ചതായും റിപ്പോര്‍ട്ട് പിന്‍വലിക്കാനും അവരോട് ആവശ്യപ്പെട്ടിരുന്നു. ചില വിഷയങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തിയാല്‍ മാത്രമേ വാര്‍ത്ത പിന്‍വലിക്കൂ എന്നായിരുന്നു ചാനല്‍ ഉടമ പറഞ്ഞത്. ഇത് നന്ദകുമാറിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ശോഭ പറഞ്ഞു.

ജാവഡേക്കറുമായി ജയരാജന്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ല. തനിക്കെതിരെ കേസ് കൊടുക്കുമെന്ന് ജയരാജന്‍ പറയുന്നു. ജയരാജന്‍ കൂടിക്കാഴ്ച നടത്തിയതായി നന്ദകുമാറും പറയുന്നു. എന്നിട്ട് എന്തുകൊണ്ടാണ് നന്ദകുമാറിനെതിരെ ജയരാജന്‍ കേസ് കൊടുക്കാത്തതെന്നും ശോഭ ചോദിക്കുന്നു.

ചാനലില്‍ നിക്ഷേപം നടത്തിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ഏജന്‍സിയെ സമീപിക്കുമെന്നും ശോഭ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!